സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് നിലവിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

സംസ്ഥാനത്ത് 18/10/22 ചൊവ്വാഴ്ച മുതല്‍ ഒക്ടോബർ 22 (ശനിയാഴ്ച) വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് 2022 ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

തലസ്ഥാനത്ത്17/10/22 തിങ്കളാഴ്ച മുതൽ തുടരുന്ന മഴയ്ക്ക് നേരിയ ശമനമുണ്ട്. അത്സമയം താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. നഗരത്തിലെ കരിക്കകം ഉൾപ്പെടെയുള്ള പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിനിടെ തിരുവനന്തപുരം – ചെങ്കോട്ട  ദേശീയ പാതയിൽ പൂർണമായും തടസ്സപ്പെട്ട വാഹന​ഗതാ​ഗതം പുനഃസ്ഥാപിച്ചു. ദേശീയ പാതയിൽ ചുള്ളിമാനൂർ – വഞ്ചുവത്ത് ആണ് 18/10/22 ചൊവ്വാഴ്ച രാവിലെ നാല് മണിയോടെ മൺതിട്ട ഇടിഞ്ഞ് റോഡിൽ വീണത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. 

Share
അഭിപ്രായം എഴുതാം