ഭുവനേശ്വര്‍: വനിതകളുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്നാം തോല്‍വി.ബ്രസീലിനെതിരേ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ 5-0 ത്തിനാണ് ഇന്ത്യ തോറ്റത്. മത്സരത്തില്‍ അലിനെ ഗോമസ് അമാരോ രണ്ട് ഗോളുകളും ഗബ്രിയേല ബെര്‍ചോന്‍ ജുന്‍ക്വീറ, ലാറാ ഡാന്റസ് ഫെരേര ഡോസ് സാന്റോസ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. യു.എസ്.എ. മൊറോക്കോ ടീമുകളോടു തോറ്റ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ യു.എസ്. മൊറോക്കോയെ 4-0 ത്തിനും തോല്‍പ്പിച്ചു. മൂന്ന് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ യു.എസ്. ഗ്രൂപ്പ് ജേതാക്കളായി. ബ്രസീലിനും ഏഴ് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായിരുന്നു. മൂന്ന് പോയിന്റുള്ള മൊറാക്കോയാണ് മൂന്നാമത്. ബി ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനി 3-1 നു ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.