ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. ടിയാനന്‍ മെന്‍ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളില്‍ നടക്കുന്ന അഞ്ച് ദിവസത്തെ സമ്മേളനത്തില്‍ 2300 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യ സെഷനില്‍ സംസാരിച്ച പ്രസിഡന്റ് ഷീ ചിന്‍ പിങ് നിലവിലെ ഭരണത്തെ പ്രശംസിക്കുകയും രാജ്യത്തിന്റെ കോവിഡ് പ്രതിരോധ നയങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് അന്ത്യം കുറിച്ച് ‘സദ്ഭരണ’ത്തില്‍ മുന്നേറുന്ന ഹോങ്കോങ്ങിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സാമ്പത്തിക-െസെനിക ശക്തിയായുള്ള ചൈനയുടെ വളര്‍ച്ച ലോകത്തെ അസൂയപ്പെടുത്തുന്നതായിരുന്നെന്നു ചിന്‍ പിങ് ചൂണ്ടിക്കാട്ടി. ആധുനികവത്കരണത്തിനൊപ്പം ലോകോത്തര സൈനിക ശക്തിയായി ചൈന മാറിക്കഴിഞ്ഞു. അത്യാധുനിക ആയുധങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം സേനയുടെ തന്ത്രപരമായ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചതായി പ്രസിഡന്റ് അവകാശപ്പെട്ടു.

രാജ്യത്തെ ജനനനിരക്ക് ആശങ്കജനകമാംവിധം കുറയുന്നതിനു പരിഹാരം കാണുമെന്നും ചിന്‍ പിങ് പറഞ്ഞു. ജനന നിരക്ക് ഉയര്‍ത്താന്‍ ദേശീയതലത്തില്‍ നയരൂപീകരണം നടത്തും. ഇതിലൂടെ ജനസംഖ്യയില്‍ യുവതയുടെ സാന്നിധ്യം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്‍ ചെയര്‍മാനും പ്രസിഡന്റുമായ ഷീയുടെ അധികാരം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുമെന്നാണ് കരുതുന്നത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും ഷീ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണുള്ളത്. മാവോയ്ക്കുശേഷം രണ്ടിലധികം തവണ അധികാരത്തില്‍ തുടരുന്ന ആദ്യ നേതാവെന്ന റെക്കോഡും ഇതിനൊപ്പം അദ്ദേഹത്തിന്റെ പേരിലാകും. മാവോ സേതുങ്ങിന് ശേഷം ഏറ്റവും ശക്തനായ നേതാവായാണ് ഷീയെ വിദഗ്ധര്‍ കണക്കാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →