കാപ്പ വിലക്ക് ലംഘിച്ചു: പൊന്നാനി സ്വദേശി അറസ്റ്റില്‍

പൊന്നാനി: മലപ്പുറത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തി ജില്ലയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വീണ്ടും ജില്ലയിലെത്തിയതോടെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമിനെയാണ് (27) പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. 15 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ലഹരിമാഫിയയുടെ തലവനും കൂടിയാണെന്നു പോലീസ് പറയുന്നു. സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്കെതിരേ നടപടി ശക്തമാക്കിയതോടെ ഇയാള്‍ക്കെതിരേ കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റില്‍ പ്രധാനിയായ ഇയാള്‍ക്കെതിരേ കാപ്പ ചുമത്തി പുറത്താക്കിയെങ്കിലും ഇയാള്‍ ഇടക്കിടെ രഹസ്യമായി പൊന്നാനിയിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് ആറു മാസത്തേക്ക് ഇയാളെ ജില്ലാ കലക്ടര്‍ നാടുകടത്തിയതായി ഉത്തരവിറക്കിയത്.

കര്‍മ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും ആക്രമിച്ച് പിടിച്ചുപറി നടത്തലാണ് ഇയാളുടെ ഹോബി. കൂടാതെ ചെറുപ്പക്കാര്‍ക്ക് ന്യൂജെന്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതും ഇയാളാണന്ന് പോലീസ് പറഞ്ഞു. സാഹസികമായാണ് പൊന്നാനി നരിപ്പറമ്പില്‍നിന്ന് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →