ബംഗളുരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നല്കി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ സയിദ് മൊയീനെയാണ് (24) ബംഗളുരു പോലീസ് അറസ്റ്റ് ചെയ്തത്. 19 വയസുകാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്മേലാണ് അറസ്റ്റ്. സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയുമാണ് നിയമത്തിന്റെ പ്രത്യേകത. പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.ഈ മാസം മൂന്നിനാണ് പെണ്‍കുട്ടിയെ കാണാതായത്. അഞ്ചാം തീയതി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യശ്വന്ത്പൂര്‍ പോലീസില്‍ പരാതി നല്കി. അതിനിടെ, എട്ടിന് പെണ്‍കുട്ടി സയീദ് മൊയ്ദീനൊപ്പം സ്റ്റേഷനില്‍ ഹാജരാകുന്നു. രണ്ടുപേരും പരസ്പര സമ്മത പ്രകാരം വിവാഹം കഴിക്കാന്‍ പോയതാണെന്ന് പറയുന്നു.തുടര്‍ന്ന് തങ്ങളുടെ മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയെന്നു കണ്ടെത്തിയത്.