കോഴിക്കോട്: കേന്ദ്ര ഭരണകൂടം വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്നതെന്നും അതിനെതിരേ യോജിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ അജണ്ടയാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കണം. രാജ്യം ഏറ്റവും ഭീതിജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നാം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെല്ലാം ഇല്ലാതാക്കുകയാണ്. ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു ഭരിക്കുകയാണ് കേന്ദ്രഭരണകൂടം ചെയ്യുന്നത്. ഇതിനെതിരേ സ്വാര്‍ഥത വെടിഞ്ഞ് രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിക്കണം.കോണ്‍ഗ്രസ് നടത്തുന്ന ജോഡോ യാത്രയില്‍ പ്രതീക്ഷയുണ്ട്. പക്ഷെ കോണ്‍ഗ്രസിനു തനിച്ച് രാജ്യത്തെ രക്ഷിക്കാനാവില്ല. മതനിരപേക്ഷ മനസുള്ള മുഴുവന്‍ കക്ഷികളും യോജിക്കുകയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.ഗാന്ധിയന്‍ ചിന്തകളിലേക്ക് പുതിയ തലമുറയെ ആകര്‍ഷിച്ചു മാത്രമേ ജനാധിപത്യത്തെ അട്ടിമറിക്കുന്ന അവസ്ഥ മറികടക്കാനാവൂവെന്നും തുഷാര്‍ ഗാന്ധി വ്യക്തമാക്കി.ഗാന്ധി പീസ് ഫൗണ്ടേഷന്‍ ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന കേളപ്പന്‍ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യാനാണു തുഷാര്‍ഗാന്ധി കോഴിക്കോട്ടെത്തിയത്.