തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും.അപകടത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.എല്ലാ യാത്രകളുടെയും പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് 2020 മാര്‍ച്ച് 2ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി.
വിനോദയാത്ര പോകുമ്പോള്‍ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
