തിരുവനന്തപുരം:കുടിവെള്ള ചാര്‍ജ് ഇനി സമയത്തിന് അടച്ചില്ലെങ്കില്‍ വെള്ളം കുടി മുട്ടിക്കുമെന്ന് ജലവിഭവവകുപ്പ്. വെള്ളക്കരത്തിന്റെ ബില്‍ കിട്ടി സമയം കഴിഞ്ഞ് 15 ദിവസത്തിനകം പിഴയോടെ ചാര്‍ജ് അടച്ചില്ലെങ്കില്‍ ഇനി മുതല്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കും. ജല അതോറിറ്റിയുടെ ഈ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് ജലവിഭവവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം നിശ്ചിത തീയതിക്കകം ബില്‍തുക അടച്ചില്ലെങ്കിലുള്ള പിഴയും കുത്തനെ വര്‍ധിപ്പിച്ചു.
പുതുക്കിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബില്‍ ലഭിച്ചാല്‍ 15 ദിവസത്തിനകം തുക പിഴയില്ലാതെ അടയ്ക്കാം. അതുകഴിഞ്ഞുള്ള 15 ദിവസത്തിനകമാണ് അടയ്ക്കുന്നതെങ്കില്‍ 12% പലിശ ഈടാക്കും. ആ സമയത്തിനുള്ളിലും പണം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും. ബില്‍ ലഭിച്ച് 30 ദിവസം കഴിഞ്ഞാണ് തുക അടയ്ക്കുന്നതെങ്കില്‍ 18% പലിശയായി ഈടാക്കും. ഇത്തരത്തില്‍ ഫൈന്‍ ആയി ഈടാക്കുന്ന പലിശ നിലവിലെ പിഴയായ 5 രൂപയില്‍ കുറയാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ഗാര്‍ഹികേതര കണക്ഷനുകള്‍ക്കും ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പലിശയില്ലാതെ തുക അടയ്ക്കാം.
15 ദിവസത്തിനകം അവര്‍ക്കും 12% തന്നെയായിരിക്കും പിഴ. അതേസമയം 30 ദിവസമായാല്‍ പിഴ 24% മായി ഉയരും. പിഴയോടെ അടയ്ക്കാന്‍ അനുവദിച്ചിട്ടുള്ള 15 ദിവസത്തിനകവും പണം അടച്ചില്ലെങ്കില്‍ അവരുടെ കണക്ഷനും വിച്ഛേദിക്കും.നിലവിലെ വ്യവസ്ഥ പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ളക്കരം പിഴയില്ലാതെ അടയക്കാന്‍ ബില്‍ ലഭിച്ച് 30 ദിവസം വരെ സമയമുണ്ട്. അതുകഴിഞ്ഞ് 15 ദിവസം പിഴയോടുകൂടി പണം അടയ്ക്കാനും സമയമുണ്ട്. ഇതുകഴിഞ്ഞ് 15 ദിവസം കൂടി കഴിയുമ്പോള്‍ അടുത്ത ബില്‍ നല്‍കുന്നതിനുള്ള 60 ദിവസം ആകും. അതുകൊണ്ടുതന്നെ ബില്‍ തുക അടയ്ക്കാത്ത ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കാനുള്ള നടപടികള്‍ സമയബന്ധിതമായി വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ല.
മാത്രമല്ല, ബില്‍ തുക എത്രയായാലും പിഴയായി ഈടാക്കുന്നത് 5 രൂപ മാത്രവുമാണ്. 30വര്‍ഷത്തിന് മുന്‍പ് നടപ്പാക്കിയ ഈ സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

