രാജാറാം മോഹന്‍ റോയ് 250-ാം ജന്മവാര്‍ഷികാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ: രാജാറാം മോഹന്‍ റോയിയുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടേയും വനിതകളുടേയും ശാക്തീകരണത്തിനായി നവംബര്‍ അഞ്ചിന് ബോധവത്കരണ റാലി നടത്തും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണായും ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറുമായുള്ള 101 പേരടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്.

രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ കൊല്‍ക്കത്ത, ജില്ല ഭരണകൂടം, ജില്ല ലൈബ്രറി കൗണ്‍സില്‍, ജില്ല പഞ്ചായത്ത്, ആലപ്പുഴ നഗരസഭ, കുടുംബശ്രീ ജില്ല മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. നഗരചത്വരത്തില്‍ നിന്നും ആരംഭിച്ച് റാലി ആലപ്പുഴ ടൗണ്‍ ഹാളില്‍ സമാപിക്കും. ജില്ലയിലെ മുഴുവന്‍ ഗ്രന്ഥശാലകളിലേയും വനിതാവേദി, ബാലവേദി പ്രവര്‍ത്തകരായ വനിതകള്‍, വനിത ലൈബ്രേറിയന്‍മാര്‍, കുടുംബശ്രീയിലെ വനിത പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ റാലിയില്‍ അണിചേരും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുധീഷ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ സലിന സലിം എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →