തപാൽ വകുപ്പ് പറവൂർ സബ്ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ തപാൽ വാരാഘോഷത്തിന് തുടക്കമായി. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം നിർവഹിച്ചു.
ഒക്ടോബർ 15 വരെയാണ് തപാൽ വാരാഘോഷ പരിപാടികൾ നടക്കുക. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ആണ് നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ആധാർ മേള, പോസ്റ്റ് ഓഫീസ് സംബന്ധമായ എല്ലാ സേവനങ്ങൾക്കും പ്രത്യേക കൗണ്ടറുകൾ എന്നിവ സംഘടിപ്പിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആധാർ മേളയിൽ ഒരുക്കിയിരുന്നു.
തപാൽ വാരാഘോഷത്തിന്റെ ഭാഗമായി പുത്തൻവേലിക്കര വി.സി.എസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനവും ഒരുക്കി. പുത്തൻവേലിക്കര പി. എസ്.എം ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സുകന്യ സമൃദ്ധ അക്കൗണ്ട് നൽകി വിദ്യാലയത്തെ സുകന്യ സമൃദ്ധി സ്കൂളായി പ്രഖ്യാപിച്ചു.
ചടങ്ങിൽ പറവൂർ സബ് ഡിവിഷൻ പോസ്റ്റ് ഇൻസ്പെക്ടർ കെ.എസ് ശ്രീലാൽ, പുത്തൻവേലിക്കര പോസ്റ്റ് മാസ്റ്റർ പി.എസ് സ്വാമിനാഥ്, പഞ്ചായത്ത് അംഗങ്ങൾ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

