ചൈനയുടെ അഡ്വാൻസ്ഡ് സ്പേസ്-ബേസ്ഡ് സോളാർ ഒബ്സർവേറ്ററി (എഎസ്ഒ-എസ്) വിക്ഷേപിച്ചു. കുവാഫു-1 എന്നാണ് ചൈനീസിൽ ഇതിന് പേര്. ബെയ്ജിങ് സമയം രാവിലെ 7.43-നായിരുന്നു വിക്ഷേപണം. സൂര്യനെ സംബന്ധിച്ച രഹസ്യങ്ങൾ ചുരുളഴിക്കുകയാണ് ലക്ഷ്യം. ഒബ്സർവേറ്ററിയെ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചു.
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരം ഒരു ഒബ്സർവേറ്ററി സാധ്യമാക്കാൻ ചൈനയ്ക്ക് സാധിച്ചത്. 1970 ൽ നാൻജിങിലുള്ള ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞൻ വെയ്കുൻ ഗാൻ ആണ് ഇത്തരം ഒരു ദൗത്യം ആദ്യമായി നടത്തിയതെന്ന് നേച്ചർ റിപ്പോർട്ടിൽ പറയുന്നു.
സൂര്യന്റെ കാന്തിക വലയത്തെ കുറിച്ച് പഠിക്കുന്നതിനായുള്ള മാഗ്നറ്റോഗ്രാഫ്, റേഡിയേഷനുകളെ കുറിച്ച് പഠിക്കുന്നതിനുള്ള എക്സ്റേ ഇമേജർ, അൾട്രാ വയലറ്റ് ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾക്കായുള്ള കൊറോണഗ്രാഫ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഒബ്സർവേറ്ററിയിലുണ്ട്

