തിരുവനന്തപുരം : തിരുവനന്തപുരത്ത് നഗരസഭ റോഡ് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് റിപ്പോർട്ട് തേടി. പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിയതാണോയെന്നാണ് പരിശോധിക്കുന്നത്. എംജി റോഡിലാണ് നഗരസഭ 5,000 രൂപ പ്രതിമാസ വാടകയ്ക്ക് സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്പേസ് അനുവദിച്ചത്. ഇത് വിവാദമായതോടെയാണ് നടപടി.
അതേ സമയം, എം ജി റോഡിലെ പാർക്കിംഗ് ഏര്യ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. വിവാദമായതോടെയാണ് നഗര സഭ വിശദീകരണ കുറിപ്പ് ഇറക്കിയത്. നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമ്മാരെ പാർക്കിംഗ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നത്.
ചില ഇടങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നൽകും. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ട്. ഈ പ്രദേശത്ത് വാർഡന്മാർ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകൻ സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകും. എന്നാൽ ഇവിടെ പാർക്കിംഗിനായി എത്തുന്ന ആരേയും തടയാൻ വാടകക്ക് എടുക്കുന്നയാൾക്ക് അധികാരമില്ലെന്നാണ് നഗര സഭ വശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നത്.
ആയൂർവേദ കോളേജിന് സമീപത്തെ ബിൽഡിംഗിന് മുൻവശത്തെ പാർക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു. ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടർന്ന് അനുമതി നൽകുകയുമാണ് ചെയ്തത്.നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയ്യാറാക്കിയ കരാറിൽ അതു വഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു