തൃശൂർ : വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നാലെ വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൃശൂർ ജില്ലയിൽ മാത്രം കണ്ടെത്തിയത് 99 നിയമ ലംഘനങ്ങളാണ്. 150 വാഹനങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ്പരിശോധന നടത്തിയത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 98,000 രൂപയും വകുപ്പ് പിഴ ഈടാക്കി.
പരിശോധനയിൽ അനധികൃത രൂപമാറ്റത്തിന്റെ പേരിൽ കുടുങ്ങിയത് 8 വാഹനങ്ങളാണ്. അമിത ശബ്ദ സംവിധാനത്തോടെ നിരത്തിലിറക്കിയ 20 ടൂറിസ്റ്റ് ബസുകൾക്കും പിടിവീണു, ഫ്ലാഷ്ലൈറ്റുകളുടെ ഉപയോഗത്തിന് 15 ബസുകളാണ് കുടുങ്ങിയത്. സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കുക തുടങ്ങി ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. എന്നാൽ നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കുന്നവർക്ക് സഹായകരമായ നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകൾ ആരോപിക്കുന്നത്

