കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണപ്രദേശത്തെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്നു സമര സമിതിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. സമരപന്തല്‍ നീക്കാതെ സാധനങ്ങളുമായി വാഹനങ്ങള്‍ക്ക് പദ്ധതി പ്രദേശത്തു പ്രവേശിക്കാനാകില്ലെന്നു ചുണ്ടിക്കാട്ടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യഹര്‍ജികളിലാണ് ഉത്തരവ്. എന്നാല്‍, പൊതുവഴി തടഞ്ഞിട്ടില്ലെന്നും സമരപ്പന്തല്‍ പൊളിക്കാനാകില്ലെന്നും സമരസമിതി വ്യക്തമാക്കി. പന്തല്‍ പൊളിക്കാന്‍ സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരപ്പന്തല്‍ പൊളിക്കുന്ന കാര്യത്തില്‍ പോലീസ് നിസഹായരാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
സമരക്കാര്‍ പൊതുവഴി കൈയേറിയിട്ടില്ലെന്നു സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കുന്ന അദാനി ഗ്രൂപ്പാണ് പൊതുവഴി കൈയേറിയത്. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുംഅദ്ദേഹം പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ നിയമപരമായി നേരിടുമെന്നു സമരസമിതി വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി പോകുന്ന വാഹനങ്ങള്‍ തടയരുതെന്നും പോലീസ് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നും കഴിഞ്ഞയാഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജികള്‍ ഹൈക്കോടതി 12ന് വീണ്ടും പരിഗണിക്കും.

