വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ കൂർക്ക ചന്തയ്ക്ക് തുടക്കമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏക്കർ കണക്കിന് പാടങ്ങളിലായി കൃഷി ചെയ്ത കൂർക്കയ്ക്ക് വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചത്. 33 ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് ഇക്കുറി കൂർക്ക കൃഷി ചെയ്തിട്ടുള്ളത്. കിലോയ്ക്ക് 55 രൂപ നിരക്കിലാണ് ചന്തയിൽ കൂർക്ക വിൽക്കുന്നത്. കൂർക്കയും ബീഫും, കൂർക്കയും നെയ്‌ച്ചാളയും ഉൾപ്പെടെയുള്ള വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങളും ഒരുക്കും. പഞ്ചായത്ത് സ്റ്റേജിനോട് ചേർന്നാണ് ചന്ത പ്രവർത്തിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി പി സുനിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീലത, വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലറും, ജില്ലാ പ്ലാനിംഗ് ബോർഡ് അംഗവുമായ എം ആർ അനൂപ് കിഷോർ എന്നിവർ വിശിഷ്ടാതിഥികളായി. കുടുംബശ്രീ ചെയർപേഴ്സൺ വി കെ യശോധ, മെമ്പർ സെക്രട്ടറി ആൽഫ്രെഡ് എം കെ എന്നിവർ സംസാരിച്ചു.

