സ്റ്റോക്ക്ഹോം: കരോലിന്‍ ആര്‍ ബെര്‍ടോസ്സി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ്സ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ക്ലിക്ക് കെമിസ്ട്രി, ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രി എന്നിവയുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണത്തിനാണ് നൊബേല്‍ പുരസ്‌കാരം.കാഠിന്യമേറിയ പ്രക്രിയകള്‍ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേലെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി. ക്ലിക്ക് കെമിസ്ട്രിയെന്ന രസതന്ത്രത്തിന്റെ പ്രവര്‍ത്തന രൂപത്തിന് അടിത്തറ പാകിയവരാണ് ബാരി ഷാര്‍പ്ലെസ്സും മോര്‍ട്ടന്‍ മെല്‍ഡലും. ഇത് രണ്ടാം തവണയാണ് ബാരി ഷാര്‍പ്ലെസ്സിന് നൊബേല്‍ ലഭിക്കുന്നത്. മോളിക്യുലാര്‍ ബില്‍ഡിംഗ് ബ്ലോക്കുകള്‍ വേഗത്തിലും കാര്യക്ഷമമായും ഒന്നിച്ച് പിടിച്ചുനില്‍ക്കുന്നതാണ് ക്ലിക്ക് കെമിസ്ട്രി. ക്ലിക്ക് കെമിസ്ട്രിയെ പുതിയ തലത്തിലേക്ക് കൊണ്ടുവരികയും ജീവനുള്ള സൂക്ഷ്മാണുക്കളില്‍ അതിനെ ഉപയോഗിക്കുകയും ചെയ്തതാണ് കരോലിന്‍ ബെര്‍ടോസ്സിയുടെ സംഭാവന.