ഷിവമോഗ: മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം ചുംബിച്ച യുവാവിന്റെ ചുണ്ടിൽ പാമ്പ് കടിച്ചു. അലക്സ് എന്ന യുവാവിനാണ് പാമ്പുകടിയേറ്റത്. കർണാടകയിലെ ഷിവമോഗയിലെ ഭദ്രാവതിയിലാണ് സംഭവം. യുവാവിനെ കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ വ്യകതമാക്കി. മൂർഖനെ ചുംബിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി
പാമ്പിനെ പിടികൂടിയ ശേഷം യുവാവ് അതിനെ ചുംബിക്കാൻ ശ്രമിച്ചപ്പോഴാണ് പാമ്പ് ചുണ്ടിൽ കടിച്ചത്. കടിയേറ്റതോടെ ഇയാൾ പാമ്പിനെ വലിച്ചെറിഞ്ഞു. ഈ സമയം കൊണ്ട് പാമ്പ് ഇഴഞ്ഞു പോകുന്നതും ചുറ്റും കൂടി നിന്നവർ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കടിയേറ്റ അലക്‌സ് അപകടനില തരണം ചെയ്തിട്ടുണ്ട്. പാമ്പിനെ പിടികൂടിയ ശേഷം സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ഇത്തരം സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ എണ്ണവും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടിവരിയാണ്.
കഴിഞ്ഞ ആഴ്ച സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നവരുടെ ആവശ്യത്തിന് വഴങ്ങി വിഷപ്പാമ്പിനെ കഴുത്തിലിട്ട 55കാരൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ഔറസിലാണ് സംഭവം. ബജ്‌രംഗി സാധു എന്നയാളാണ് മരിച്ചത്. ഇയാളെ പാമ്പുകടിയേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വഴിയോരക്കച്ചവടക്കാരനാണ് മരിച്ച സാധു. സുഹൃത്തിന്റെ കടയിൽ പാമ്പിനെ കണ്ടെന്ന വിവരം അറിഞ്ഞാണ് ഇയാൾ സ്ഥലത്തെത്തിയത്. പാമ്പിനെ തല്ലിക്കൊല്ലാനാണ് പദ്ധതിയെന്നറിഞ്ഞ ബജ്‌രംഗി ഇത് തടയുകയും പാമ്പിനെ പിടികൂടി പെട്ടിയിലാക്കി കടയ്ക്ക് പുറത്തെത്തിക്കുകയുമായിരുന്നു. ഈ സമയം മൊബൈൽ ഫോണുമായി കൂടി നിന്നവർ റീൽസ് ചെയ്യാമെന്ന് പറയുകയും പാമ്പിനെ കഴുത്തിൽ അണിയാൻ ഇയാളോട് നിർദേശിക്കുകയും ചെയ്തു. ആൾക്കൂട്ടം പറഞ്ഞതോടെ വിഷപ്പാമ്പിനെ പെട്ടിയിൽ നിന്ന് പുറത്തെടുത്ത് കഴുത്തിലിടുകയായിരുന്നു. ഈ സമയത്താണ് പാമ്പ് കഴുത്തിൽ കടിച്ചത്. കടിയേറ്റ സാധുവിനെഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സംഭവിച്ചു