നിര്‍ധന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഒപ്പം’ പദ്ധതി മുന്നേറുന്നു. നിലവില്‍ 98 രോഗികള്‍ക്ക് മാസവും സൗജന്യമായി പദ്ധതി പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഓരോ മാസവും പുതിയ അംഗങ്ങളെ കണ്ടെത്തി പദ്ധതി വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ നിര്‍ധനരായ കരള്‍, വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഒപ്പം’. ജൂലൈയില്‍ ആരംഭിച്ച പദ്ധതി ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ഉദ്ഘാടനം ചെയ്തത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിക്കായി 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ 18 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ബാക്കി തുക സ്‌പോണ്‍സര്‍മാര്‍ വഴിയും കണ്ടെത്തും.
ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിലെയും നിര്‍ധനരായ കരള്‍, വൃക്ക, ക്യാന്‍സര്‍ രോഗികളെ കണ്ടെത്തി അവര്‍ക്ക് ഡോക്ടര്‍മാര്‍ എഴുതി നല്‍കിയ മരുന്ന് കുറിപ്പടി ശേഖരിച്ച് പ്രൈമറി, സെക്കന്ററി പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ നേരിട്ടാണ് വീടുകളില്‍ എത്തിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് 25000 രൂപ മുതലും ഡയാലിസിസിന് വിധേയരാകേണ്ട രോഗികള്‍ക്ക് 15000 രൂപ മുതലുമുള്ള മരുന്നുകളാണ് പദ്ധതി വഴി വീട്ടു പടിക്കല്‍ എത്തിക്കുന്നത്.
അഞ്ചും ആറും വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്യുന്നവരും ക്യാന്‍സര്‍ രോഗികളും ഭാരിച്ച ചികിത്സാ ചെലവ് മൂലം ദുരിതത്തിലായവര്‍ക്കും ഒപ്പം പദ്ധതിയിലൂടെ വലിയ കൈത്താങ്ങാണ് ലഭിക്കുന്നത്. വരും വര്‍ഷങ്ങളിലും പദ്ധതി തുടരാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

