ന്യൂഡൽഹി: സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് കാണിക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. 2022 ഒക്ടോബർ 25 മുതൽ തീരുമാനം നടപ്പിലാകുമെന്ന് ഡൽഹി പരിസ്ഥിത മന്ത്രി ഗോപാൽ റായ് പറഞ്ഞു.സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. മാനദണ്ഡങ്ങൾ സംബന്ധിച്ചും വ്യക്തതയുണ്ടാക്കും. 2022 സെപ്റ്റംബർ 29 ന് നടന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ധാരണയായതെന്ന് മന്ത്രി വ്യക്തമാക്കി.
‘ഡൽഹിയിൽ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളൽ. അത് കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാൽ വാഹനത്തിന്റെ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത പെട്രോൾ പമ്പുകളിൽ ഒക്ടോബർ 25 മുതൽ ഇന്ധനം നൽകില്ലെന്ന് തീരുമാനിച്ചു’ ഗോപാൽ റായ് പറഞ്ഞു.
ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 2022 ജൂലായ് 22 വരെ 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളുമടക്കം 17 ലക്ഷം വാഹനങ്ങൾ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഓടിക്കുന്നത്. സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുന്ന വാഹന ഉടമയിൽ നിന്ന് 10000 രൂപ പിഴ ഈടാക്കനോ ആറ് മാസത്തെ തടവ് ശിക്ഷ നൽകുന്നതിനോ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ട്.നടപടികളുടെ ഭാഗമായി എല്ലാ സർക്കാർ വാഹനങ്ങൾക്കും ആദ്യം പിയുസി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തും

