കേന്ദ്രാവിഷ്‌കൃത പദ്ധതിയായ റീവാമ്പ്ഡ് ഡിസ്ട്രിബൂഷൻ സെക്ടർ സ്‌കീമിന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 54.24 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ആയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.
എറണാകുളം പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന എറണാകുളം സർക്കിൾ, പെരുമ്പാവൂർ സർക്കിളിന്റെ കുറച്ച് ഭാഗങ്ങൾ എന്നിവിടങ്ങൾ വൈദ്യുതി നഷ്ടം കുറക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നതെന്ന് എം.പി പറഞ്ഞു. പ്രധാനമായും 33 കെ.വി , 11 കെ.വി ലൈനുകൾ കവേർഡ് ആക്കുക എന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 20 കിലോമീറ്റർ ദൂരത്തിൽ 33 കെ വി ലൈനുകൾ കവേർഡ് ആക്കുന്നുണ്ട്. നോർത്ത് പറവൂർ, വരാപ്പുഴ, വടക്കേക്കര ഭാഗങ്ങളിലായാണ് 20 കിലോമീറ്റർ പദ്ധതി നടപ്പിലാക്കുന്നത്.
11 കെ വി ലൈനുകളിൽ പഴയ ലൈനുകൾ മാറ്റി പകരം ഏരിയൽ ബണ്ടിൽഡ് കേബിൾ സ്ഥാപിക്കും. 66.24 കിലോമീറ്ററിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 27.875 കിലോമീറ്റർ ദൂരത്തിൽ യു ജി കേബിളുകൾ സ്ഥാപിക്കും. 45 ട്രാൻസ്ഫോമറുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. 11 കെ വി യു ജി കേബിളുകൾ സ്ഥാപിക്കുന്നതിന് പി ഡബ്ള്യു ഡി എൻ എച്ചിന്റെയും റയിൽ വെയുടെയും റോഡ് കട്ടിംഗ് അനുമതി ആവശ്യമുള്ളതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചിട്ടുണ്ട്. അടിയന്തിരമായി അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹൈബി ഈഡൻ എം.പി അറിയിച്ചു.
പാർലമെന്റ് മണ്ഡലത്തിൽ റീവാമ്പ്ഡ് ഡിസ്ട്രിബൂഷൻ സെക്ടർ സ്‌കീമിന്റെ ഭാഗമായി തന്നെ 84.35 കോടി രൂപയുടെ പുതിയ പദ്ധതികൾ കൂടി സമർപ്പിച്ചിട്ടുണ്ട്. അതിൽ 70.68 കോടി രൂപ ട്രാൻസ്മിഷൻ മേഖലയിലും 13.67 കോടി രൂപയുടെ പ്രവർത്തികൾ ഡിസ്ട്രിബൂഷൻ മേഖലയിലും ആണെന്ന് എം.പി പറഞ്ഞു. എത്രയും പെട്ടെന്ന് ഈ പദ്ധതികൾക്ക് കൂടി അനുമതി ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ഇ ബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുനിൽ ജോസഫ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്മാരായ സുനിത ജോസ്, രാജശ്രീ എ ആർ , ഇന്ദു ആർ , ബിജു പി ആർ , ഇന്ദിര കെ , സിന്ധു ആർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്മാരായ ബിനു ജെ കെ , പ്രിയ എസ്, അസിസ്റ്റന്റ് എഞ്ചിനീയർ എബി സേവ്യർ തുടങ്ങിയവർ എം.പി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.