മുംബൈ: ബിനോയ് കോടിയേരിയുടെപേരിൽ ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. രണ്ടു പേരും ചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ ദിൻദോഷി സെഷൻസ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീർപ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്.
ഒത്തുതീർപ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് 80 ലക്ഷം രൂപ കൈമാറി; പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചു.
നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷൻ ബെഞ്ച് വിവാഹക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷൻ ബെഞ്ചിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവർക്കും ആശ്വാസമായി കേസ് ഒത്തുതീർപ്പിലെത്തിയത്. 2019-ലാണ് യുവതി ബിനോയിയുടെപേരിൽ ഓഷിവാര പോലീസിൽ പരാതി നൽകിയത്.

