കോഴിക്കോട് : കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടന റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഇന്ത്യൻ നാഷണൽ ലീഗ്( ഐ എൻ എൽ ) മായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹമ്മദ് ദേവർകോവിലിനും ഐഎൻഎൽ നേതാവ് പ്രൊഫ: മുഹമ്മദ് സുലൈമാനും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നവരാണ്. ഇത്തരത്തിൽ രാജ്യത്ത് നിരോധിച്ച ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് ഇരുന്നയാൾക്ക് എങ്ങനെ മന്ത്രിയായി തുടരാൻ ആകുമെന്നും സുരേന്ദ്രൻ ചോദിച്ചു. ഐ എൻ എല്ലിനെ ഇടതുമുന്നണി ഒഴിവാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
അതേ സമയം ബിജെപിയുടെ ആരോപണം ഐ എൻ എൽ തള്ളി. ഐഎൻഎല്ലിന് റിഹാബ് ഫൗണ്ടേഷനുമായി യാതൊരു ബന്ധവും ഇല്ലെന്നും കെ സുരേന്ദ്രൻ എന്തിനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും ഐ എൻ എൽ നേതാവ് കാസിം ഇരിക്കൂർ പ്രതികരിച്ചു.

