ദിമോര്‍ഫസ് ഛിന്നഗ്രഹത്തെ ആക്രമിച്ച് നാസ

വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് ഒരു 1.09 കോടി കിലോമീറ്റര്‍ അകലെയുള്ള ദിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തെ ‘ആക്രമിച്ച്’ നാസ. മണിക്കൂറില്‍ 22,530 കിലോമീറ്റര്‍ വേഗത്തില്‍ നാസയുടെ ദ് ഡബിള്‍ ആസ്ട്രോയ്സ് റീഡയറക്ഷന്‍ ടെസ്റ്റ്(ഡാര്‍ട്ട്) പേടകം ദിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി. ദൗത്യവിജയം നാസ കുറിച്ചതിങ്ങനെ: മനുഷ്യര്‍-1, ഛിന്നഗ്രഹം-0.

ആക്രമണദൃശ്യങ്ങള്‍ 14 കിലോഗ്രാം ഭാരമുള്ള പേടകം- എല്‍ഐസിഎക്യൂബ് പകര്‍ത്തി. പുകപടലങ്ങളും ചെറിയ കല്ലുകളുടെയും ദൃശ്യങ്ങളാണ് എല്‍ഐസിഎക്യൂബിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ ദിമോര്‍ഫസിന്റെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായിട്ടുണ്ടാകാമെന്നാണു നാസയുടെ കണക്കുകൂട്ടല്‍. ദിമോര്‍ഫസ് മാതൃഛിന്നഗ്രഹമായ ദിദിമോസിനോട് കൂടുതല്‍ അടുക്കുമെന്നാണു പ്രതീക്ഷ. നിലവില്‍ 11 മണിക്കൂര്‍ 55 മിനിറ്റാണു ദിമോര്‍ഫസിനു ദിദിമോസിനെ ചുറ്റാന്‍ വേണ്ടത്. ഈ സമയത്തില്‍ 10 മിനിറ്റെങ്കിലും കുറയും. ഡാര്‍ട്ട് പതിച്ചതിനെ തുടര്‍ന്നു ദിമോര്‍ഫസില്‍ ഗര്‍ത്തം രൂപപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ രണ്ടു മാസം വേണ്ടിവരും.

മിസൈല്‍ പോലെ ദിമോര്‍ഫസിലേക്കു കുതിച്ച ഡാര്‍ട്ട് അവസാന നിമിഷം വരെ ഭൂമിയിലേക്കു വീഡിയോ അയച്ചുകൊണ്ടിരുന്നു. ലക്ഷ്യമിട്ട സ്ഥലത്തുനിന്നു 55 അടി മാറിയാണു പതിച്ചത്. ഇടിക്കു മുന്നോടിയായി ആഴ്ചകള്‍ക്കു മുമ്പാണു ഡാര്‍ട്ടില്‍നിന്ന് എല്‍ഐസിഎക്യൂബ് വേര്‍പെട്ടത്.ഡാര്‍ട്ട് തകര്‍ന്നെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ എല്‍ഐസിഎക്യൂബ് അയച്ചുകൊണ്ടിരിക്കും. ഡാര്‍ട്ടിന്റെ തുടര്‍ച്ചയായി 2024-ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി ദിമോര്‍ഫസിലേക്കു ദൗത്യത്തെ അയയ്ക്കുന്നുണ്ട്.
ദിദിമോസ് എന്ന ഛിന്നഗ്രഹത്തെ ചുറ്റുന്ന പാറക്കൂട്ടമാണു ദിമോര്‍ഫസ്. ദിദിമോസിന് 780 മീറ്ററാണു വ്യാസം, ദിമോര്‍ഫസിനു 160 മീറ്ററും. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിര്‍ത്താനാകുമോ എന്നറിയാനുള്ള പരീക്ഷണമാണ് ഡാര്‍ട്ടിലൂടെ ഉദ്ദേശിച്ചത്. ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയും മറ്റു ബഹിരാകാശ വസ്തുക്കളെയും സുരക്ഷിതമായ അകലത്തില്‍ തകര്‍ക്കുകയാണു ഡാര്‍ട്ട് ദൗത്യത്തിന്റെ ലക്ഷ്യം.

Share
അഭിപ്രായം എഴുതാം