ജമ്മു കശ്മീരിലെ സ്‌കൂളുകളിൽ ഭജനകളും സൂര്യനമസ്‌കാരവും നിരോധി്ക്കണമെന്ന് മുത്തഹിദ മജ്ലിസ് – ഇ – ഉലമ കൂട്ടായ്മ

ശ്രീനഗർ: ജമ്മു കശ്മീരിലെ സ്‌കൂളുകളിൽ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണം എന്ന അഭ്യർത്ഥനയുമായി ഇസ്‌ലാമിക സംഘടനയുടെ കൂട്ടായ്മ. മുത്തഹിദ മജ്ലിസ് – ഇ – ഉലമ എന്ന കൂട്ടായ്മ അഭ്യർത്ഥനയുമായി രംഗത്ത് വന്നിട്ടുള്ളത്. മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച്‌ സ്‌കൂളുകളിലെ ഭജനകളും സൂര്യനമസ്‌കാരവും പോലുള്ളവ നിർത്തണമെന്നാണ് സർക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും സംഘടന അഭ്യർത്ഥിച്ചിട്ടുള്ളത്.

കശ്മീരിലെ 30 ഓളം ഇസ്‌ലാമിക മത-വിദ്യാഭ്യാസ സംഘടനകൾ ചേർന്നിട്ടുള്ളതാണ് മുത്തഹിദ മജ്ലിസ് – ഇ – ഉലമ. നേരത്തെ, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സമാനമായ ആവശ്യം ഉയർത്തിയിരുന്നു. മുസ്ലീം വിദ്യാർത്ഥികളെ സ്‌കൂളുകളിൽ ഭജന പാടാൻ നിർബന്ധിതരാക്കുന്നുവെന്നും മേഖലയിലെ സ്‌കൂളുകളിലുടനീളം ഭജന നിരോധിക്കണമെന്നുമാണ് എംഎംയുവിന്റെ അഭ്യർത്ഥന.

മുസ്ലീം കുട്ടികളെ സ്‌കൂളിൽ ഭജന പാടാൻ നിർബന്ധിച്ച്‌ ജമ്മു കശ്മീരിൽ ബിജെപി ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് നിരോധിക്കണമെന്ന് ഇസ്‌ലാമിക സംഘടനയും അഭ്യർത്ഥനയുമായി രംഗത്ത് വന്നിട്ടുള്ളത്. ഔദ്യോഗിക സർക്കാർ ഉത്തരവ് പ്രകാരം, 2022 സെപ്റ്റംബർ 13ന് സ്‌കൂളുകളിൽ രഘുപതി രാഘവ് രാജാ റാം, ഈശ്വർ അല്ലാഹ് തേരോ നാം ചൊല്ലാൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘രഘുപതി രാഘവ രാജാ റാം ചൊല്ലണമെന്നുള്ള ഉത്തരവിറക്കിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനകളിലൊന്നായതിനാലാണ് ഇത് തെരഞ്ഞെടുത്തത്. കുൽഗാമിലെ സ്‌കൂൾ കുട്ടികൾ ‘രഘുപതി രാഘവ് രാജാ റാം’ എന്ന ഭജന ആലപിക്കുന്ന വീഡിയോ മെഹബൂബ മുഫ്തി തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →