രാജസ്ഥാനില്‍ എം.എല്‍.എമാരുടെ കൂട്ടരാജി

ജയ്പുര്‍/ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ഗെലോട്ട് വിഭാഗം എം.എല്‍.എമാരുടെ രാജി. സ്പീക്കര്‍ സി.പി. ജോഷിക്ക് 92 എം.എല്‍.എമാര്‍ രാജിക്കത്ത്‌ കൈമാറിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് നീക്കം.

അശോക് ഗെലോട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എം.എല്‍.എമാരും എത്തിയില്ല. യോഗത്തിനായി സച്ചിന്‍ പൈലറ്റും അനുയായികളും ഗെലോട്ടിന്റെ വീട്ടിലെത്തിയെങ്കിലും ഗെലോട്ട് അനുയായികള്‍ മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടില്‍ സംഗമിച്ചു. ഇവര്‍ പിന്നീട് സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.

നേതൃമാറ്റം ഇപ്പോള്‍ വേണ്ടെന്നാണു ഗെലോട്ട് പക്ഷം പറയുന്നത്. മുഖ്യമന്ത്രിയെപ്പറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചയാകാമെന്നും അവര്‍ പറയുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നെഹൃ കുടുംബത്തിന്റെ ശ്രമം. തര്‍ക്കം ഒഴിവാക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശമുള്ളപ്പോള്‍ തന്നെ ഗെലോട്ട് പക്ഷം രണ്ടുതവണ യോഗം ചേര്‍ന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ നടത്തിയ നീക്കങ്ങള്‍ മറന്നിട്ടില്ലെന്നാണു ഗെലോട്ട് വിഭാഗത്തിന്റെ വാദം.

26/09/2022 ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിരുന്നു. എന്നാല്‍, ഇവരെ സാക്ഷിയാക്കി വന്‍ നാടകമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ അരങ്ങേറുന്നത്.
അതേസമയം, എം.എല്‍.എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് അശോക് ഗെലോട്ട്. മാധ്യമങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആകെ 200 എം.എല്‍.എമാരാണ് രാജസ്ഥാന്‍ നിയമസഭയിലുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 107 ഉം ബി.ജെ.പിക്ക് 70 അംഗങ്ങളുണ്ട്. ഗെലോട്ട് പക്ഷത്തുള്ള 92 എം.എല്‍.എമാര്‍ രാജിവച്ചാല്‍ സഭയുടെ അംഗബലം 108 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ 55 എം.എല്‍.എമാരുടെ മാത്രം പിന്തുണ മതിയാകും. ബി.ജെ.പിക്ക് 70 എം.എല്‍.എമാര്‍ ഉണ്ടെന്നിരിക്കെ ഇതു കോണ്‍ഗ്രസിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →