കോട്ടയം: തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ മൂന്നാം ക്ലാസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി അയൽവാസി. കോട്ടയം നീണ്ടൂർ ഓണംതുരുത്തിൽ 2022 സെപ്തംബർ 22 വ്യാഴാഴ്ചയായിരുന്നു സംഭവം. മുളയാനിക്കൽ ഷൈജു – അഞ്ജു ദമ്പതികളുടെ മകൻ ലെവിനാണ് കിണറ്റിൽ വീണത്. അയൽവാസിയായ ജിനു ആണ് കിണറ്റിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്.
ചേച്ചിയോടൊപ്പം സ്കൂൾ വിട്ടു മടങ്ങി വരുംവഴി തെരുവുനായയെ കണ്ട് ഭയന്ന് ഓടിയപ്പോഴായിരുന്നു അപകടം. നായയെ കണ്ട ഇരുവരും ഭയന്ന് ഇരുവശത്തോട്ടും ഓടുന്നതിനിടയിലായിരുന്നു ലെവിൻ കിണറ്റിൽ വീണത്. ലെവിനെ കാണാതായതോടെ ചേച്ചി അയൽവാസിയേയും കൂട്ടി തിരഞ്ഞപ്പോൾ കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടു.
മോട്ടോറിൻറെ കയറിൽ പിടിച്ച് തൂങ്ങിക്കിടന്ന് നിലവിളിക്കുകയായിരുന്നു ലെവിൻ. ഗ്ലോറിയയും അയൽവാസിയായ രഞ്ജിതയും ഉടൻതന്നെ ഒച്ചവെച്ച് ആളെ കൂട്ടി. ഒച്ച കേട്ട് ഓടിവന്ന ജിനു കിണറ്റിൽ ഇറങ്ങി ലെവിനെ രക്ഷിക്കുകയായിരുന്നു

