സൗജന്യ റേഷന്‍ അരി അടുത്ത മാസം തുടരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകം

കോഴിക്കോട്: മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് നല്‍കിവരുന്ന അഞ്ച് കിലോഗ്രാം സൗജന്യ അരി അടുത്ത മാസം തുടരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ വിഹിതമാണ് കേന്ദ്ര തീരുമാനം അനുകൂലമായില്ലെങ്കില്‍ റദ്ദാവുക. അന്ത്യോദയ അന്നയോജന (എ എ വൈ-മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പി എച്ച് എച്ച് -പിങ്ക് കാര്‍ഡ്) എന്നീ വിഭാഗങ്ങളില്‍ പെട്ട ഒന്നരക്കോടിയിലധികം പേര്‍ക്കാണ് അരി നല്‍കി വരുന്നത്.പിങ്ക് വിഭാഗത്തില്‍ പെട്ട 1,32,71,576 കാര്‍ഡ് അംഗങ്ങള്‍ക്കും മഞ്ഞ വിഭാഗത്തിലെ 20,40,611 പേര്‍ക്കുമാണ് അരി ലഭിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്താകമാനം പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഭക്ഷ്യ ധാന്യവിതരണം. നാല് കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും നല്‍കുന്നതായിരുന്നു പദ്ധതിയുടെ തുടക്കം.

എന്നാല്‍, പിന്നീട് അരി മാത്രമായി പദ്ധതി ചുരുങ്ങി. പദ്ധതിപ്രകാരമുള്ള അരി ഈ മാസം തന്നെ പല റേഷന്‍ കടകളിലും സ്റ്റോക്കില്ല. ആവശ്യത്തിന്റെ ഏകദേശം 70 ശതമാനം മാത്രമാണ് സ്റ്റോക്ക് എത്തിച്ചതെന്നാണ് വിവരം.മാസാന്തം നല്‍കിവന്നിരുന്ന റേഷന്‍ മണ്ണെണ്ണയുടെ വിഹിതം നിലവില്‍ മൂന്ന് മാസത്തേക്ക് അര ലിറ്ററായി കേന്ദ്രം നേരത്തേ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിന് 43 രൂപയും നല്‍കണം. 21 രൂപ നിരക്കില്‍ ലഭിക്കുന്ന പഞ്ചസാര നിലവില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ. മഞ്ഞ കാര്‍ഡിന് 30 കിലോഗ്രാം അരിയും നാല് കിലോഗ്രാം ഗോതമ്പും സൗജന്യമായും ആറ് രൂപ നിരക്കില്‍ ഒരു പാക്കറ്റ് ആട്ടയുമാണ് പി എം ജി വൈ പദ്ധതിക്ക് പുറമെ ലഭിക്കുന്നത്. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും കിലോക്ക് എട്ട് രൂപ നിരക്കില്‍ ഒരു കിലോഗ്രാം ആട്ടയും നല്‍കുന്നുണ്ട്.ഗോതമ്പിന് പകരം ആട്ട നല്‍കുന്നത് സ്വകാര്യ മില്ലുകളെ സഹായിക്കാനാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. നീല കാര്‍ഡുടമകളായ സബ്സിഡി വിഭാഗത്തിന് കിലോക്ക് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും വെള്ള കാര്‍ഡിന് 10.90 രൂപ നിരക്കില്‍ അരിയുമാണ് നല്‍കിവരുന്നത്. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണ്. മഞ്ഞ കാര്‍ഡുകള്‍ കൂടുതലുള്ള രണ്ടാമത്തെ ജില്ല വയനാടും പിങ്ക് കാര്‍ഡുകാര്‍ കൂടുതലുള്ളത് മലപ്പുറത്തുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →