അന്വേഷണ ഏജൻസികൾക്ക് പോപ്പുലർ ഫ്രണ്ടിനെതിരേ സംശയത്തിന് കാരണമായി ലോക്‌ഡൗൺ സമയത്തെ 29 ലക്ഷം രൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാട്

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ ‘ഹോട്ടൽ ബില്ലിൽ’ നിന്ന്. 2020-ൽ കോവിഡ് ലോക്‌ഡൗൺ സമയത്ത് ഹോട്ടലുകൾ അടഞ്ഞുകിടന്നപ്പോൾ 29 ലക്ഷം രൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാടിൽ നിന്നാണ് അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ടിനെതിരേ സംശയമുനയെറിഞ്ഞത്.

കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജൻസികൾ പരിശോധിച്ചത്. രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തിയതിൽ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകൾ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടിൽ 1.35 കോടി രൂപ 2018-2020 കാലയളവിൽ ഉണ്ടായിരുന്നു. വിദേശത്തുനിന്നും 29.18 ലക്ഷം രൂപയുടെ നിക്ഷേപമുൾപ്പെടെയായിരുന്നു ഇത്.

2020 ഏപ്രിൽ-ജൂൺ മാസത്തിലാണ് നൗഫൽ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവർ 29 ലക്ഷംരൂപ റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തു നിന്ന് നിക്ഷേപിച്ചത്. ബാങ്ക് രേഖകൾപ്രകാരം ഈ തുക ഹോട്ടലുകളിലെ താമസത്തിനെന്ന പേരിലാണ് ചേർത്തിരിക്കുന്നത്. എന്നാൽ റൗഫിന്റെ പേരിൽ ഇന്ത്യയിലോ വിദേശത്തോ ഹോട്ടലുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ കോവിഡ് മൂർധന്യത്തിലായിരുന്നതിനാൽ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്ന സമയമായിരുന്നു. ഇതാണ് അന്വേഷണ ഏജൻസികൾക്ക് ഈ ഇടപാടിൽ സംശയംതോന്നാൻ കാരണം.

റൗഫിന്റെ മറ്റൊരു അക്കൗണ്ടിൽ 2019-20 കാലയളവിൽ 67 ലക്ഷം രൂപയുണ്ടായിരുന്നതായി കണ്ടെത്തി. ഇതിൽനിന്ന് മേയിൽ 19.7 ലക്ഷം രൂപ ദോഹയിലേക്ക് അയച്ചിട്ടുണ്ട്. ഓക്ടോബറിൽ 16 ലക്ഷം രൂപ ദോഹയിൽനിന്ന് ഈ അക്കൗണ്ടിലേക്ക് വരികയുംചെയ്തു. മൂന്നാമത്തെ അക്കൗണ്ടിൽ 2020-ൽ 20 ലക്ഷം രൂപ ഉണ്ടായിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു.

ഈ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാടുൾപ്പെടെ സംശയിച്ചാണ് അന്വേഷണങ്ങൾക്ക് തുടക്കമിട്ടത്. റൗഫിനെ ഇ.ഡി. അറസ്റ്റും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഈ അക്കൗണ്ടുകളിൽനിന്നുള്ള പണം ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. എൻ.ഐ.എ.യുടെ അന്വേഷണവും പിന്നാലെവന്നു. ഇതിന്റെ തുടർച്ചയായ റെയ്ഡുകളുടെ അവസാനഘട്ടമാണ് രാജ്യവ്യാപകമായി കഴിഞ്ഞദിവസം നടന്ന റെയ്ഡുകളും അറസ്റ്റും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →