ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാക് ഐഎസ്‌ഐ ഏജന്റിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. 55കാരനായ മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദാണ് ഒളിസങ്കേതത്തിന് പുറത്ത് വെച്ച് കൊല്ലപ്പെട്ടത്. 2022 സെപ്തംബര്‍ 19നായിരുന്നു സംഭവം. ഐഎസ്‌ഐയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന്‍ ഇയാളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.
ഐഎസ്ഐയുടെ നിര്‍ദേശപ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് വ്യാജ ഇന്ത്യന്‍ കറന്‍സി എത്തിച്ച് അവിടെനിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നതായിരുന്നു ലാല്‍ മുഹമ്മദിന്റെ രീതി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി കൊല്ലപ്പെട്ട ലാല്‍ മുഹമ്മദിന് ബന്ധമുണ്ടെന്നാണ് വിവരം. മറ്റ് ഐഎസ്‌ഐ ഏജന്റുമാര്‍ക്കും ഇയാള്‍ അഭയം നല്‍കി.
അക്രമികള്‍ മുഹമ്മദിനെ വെടിവെച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാഠ്മണ്ഡുവിലെ ഗോത്താര്‍ ഏരിയയിലെ തന്റെ വീടിന് പുറത്ത് ആഡംബര കാറില്‍ നിന്ന് മുഹമ്മദ് ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. നിമിഷങ്ങള്‍ക്കകം രണ്ട് അക്രമികള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ലാല്‍ മുഹമ്മദ് തന്റെ കാറിന്റെ പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വെടിയുതിര്‍ത്തു.
ഇതിനിടെ പിതാവിനെ രക്ഷിക്കാന്‍ മകള്‍ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് എത്താന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മകള്‍ എത്തുമ്പോഴേക്കും മുഹമ്മദിനെ കൊലപ്പെടുത്തി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.