കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമർശനവുമായി സമസ്ത രംഗത്ത്. ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത നേതാക്കൾ കുറ്റപ്പെടുത്തി. 2022 സെപ്തംബർ 18 ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവായ അഫ്സൽ ഖാസിമിയുടെ വിവാദ പ്രസംഗം.
ഇസ്ളാംമത വിശ്വാസികൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കണമെന്നുമെല്ലാമായിരുന്നു ഹദീസിനെ ഉദ്ധരിച്ചുകൊണ്ട് ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ നേതാവ് കൂടിയായ അഫ്സൽ ഖാസിമിയുടെ പ്രസംഗം. എന്നാൽ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ളാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന വിമർശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി.
അക്രമികളെ സൗമ്യതയിലും സഹിഷ്ണുതയിലും ക്ഷമയിലും കീഴ്പ്പെടുത്തണമെന്ന ഹദീസിലെ ആശയത്തെ അഫ്സൽ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ടിൻറേതെന്നായിരുന്നു എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിൻറെ വിമർശനം. വൈകാരികതയും തീവ്ര ചിന്തയും ഇളക്കി വിടുന്ന പോപ്പൂലർ ഫ്രണ്ടിന് പ്രവാചകൻറെ ചരിത്രം മുഴുവൻ വേണ്ട.സഹിഷ്ണുതയുടെ കഥയല്ല ഇവർക്ക് വേണ്ട്.തീവ്ര സംഘങ്ങളുടെ ശൈലി ഇതാണെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു. സംഘടന വളര്ത്താൻ വേണ്ടി ചിലർ ഹദീസ് സംബന്ധിച്ച് തെറ്റദ്ധാരണ പരത്തുകയാണെന്ന് കേരള മുസ്ളീം ജമാ അത്ത് സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫിയും പറഞ്ഞു.

