കണ്ണൂർ: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കയായിരുന്നു പിണറായി.
കോഴിക്കോട് തൊണ്ടയാട് നിർമാണ സാമഗ്രികൾ വിൽക്കുന്ന കെഇആർ എൻറർപ്രൈസസാണ് സമരം മൂലം അടച്ചിട്ടിരിക്കുന്നത്. സമരം തുടർന്നാൽ പ്രവാസ ജീവിതത്തിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സിപിഎം അനുകൂല സംഘടനായ വ്യാപാരി വ്യവസായി സമിതി നേതാവ് റഷീദ് പറയുന്നത്. തൊഴിൽ നൽകാൻ തയ്യാറാകാത്തതു കൊണ്ട് സമരം നടത്തേണ്ടി വന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ വിശദീകരണം.
പ്രവാസിയായ കെ ഇ റഷീദ് ജനുവരിയിലാണ് തൊണ്ടയാട് ബൈപ്പാസിൽ നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ ലോഡിറക്കാനും കയറ്റാനുമായി നിയോഗിച്ചിരുന്നു. എന്നാൽ ഇവർ ലോഡിറക്കുന്നത് കഴിഞ്ഞ മാസം ചുമട്ടുതൊഴിലാളികൾ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം..ട്രേഡ് യൂണിയനുകൾ സമരം ശക്തമാക്കിയതോടെ 2022 ഓഗസ്റ്റ് 15ന് സ്ഥാപനം അടച്ചു. സ്ഥാപനം തുറക്കാൻ സാധിച്ചില്ലെങ്കിൽ കടക്കെണിയിലാകുമെന്നാണ് റഷീദ് പറയുന്നത്. തൊഴിൽ നൽകാൻ തയ്യാറായാൽ സമരത്തിൽ നിന്നും പിൻവാങ്ങാൻ തയ്യാറാണെന്നാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്..ലേബർ കമ്മീഷണർക്കും ചേവായൂർ പോലീസിലും പരാതി നൽകി കാത്തിരിക്കുകയാണ് റഷീദ്

