ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ പൊതുദര്‍ശനത്തിന് വെച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം ദര്‍ശിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം ലങ്കാസ്റ്റര്‍ ഹൗസിലെ അനുശോചന പുസ്തകത്തിലും രാഷ്ട്രപതി കയ്യൊപ്പ് ചാര്‍ത്തി. രാജ്ഞിയുടെ സ്മരണയ്ക്കാണ് ഈ അനുശോചന പുസ്തകം(കണ്ടോളന്‍സ് ബുക്ക്) ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 19 ന് നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളിലും രാഷ്ട്രപതി സംബന്ധിക്കും. സംസ്‌കാരചടങ്ങുകളിലും ചാള്‍സ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും പങ്കെടുക്കും. ലോകനേതാക്കള്‍ക്കായി ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും പങ്കെടുക്കും.
ഈ മാസം എട്ടിന് സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ വസതിയിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ലോകമെമ്പാടുമുള്ള 500 പരം രാഷ്ട്രത്തലവന്‍മാരും രാജകുടുംബാംഗങ്ങളും രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. 2000 ലധികം ക്ഷണിക്കപ്പെട്ട അതിഥികള്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ നടക്കുന്ന സംസ്‌കാരശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിക്കും. പ്രാദേശിക സമയം സെപ്റ്റംബർ 19 ന് രാവിലെ 11 നാണ് ചടങ്ങുകള്‍ ആരംഭിക്കുക.

