ഡുറന്‍ഡ് കപ്പ് ബംഗളുരു എഫ്.സിക്ക്

കൊല്‍ക്കത്ത: മുംബൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി. ഡുറന്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന 131 -മത് എഡിഷന്‍ ഫൈനലില്‍ 2-1 നാണു ബംഗളുരുവിന്റെ കിരീട നേട്ടം.1888 ല്‍ തുടങ്ങിയ ഡുറന്‍ഡ് കപ്പ് ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റാണ്. 11 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകളും അഞ്ച് ഐ ലീഗ് ടീമുകളും സായുധ സേനകളുടെ നാല് ടീമുകളുമാണു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഡുറന്‍ഡ് കപ്പില്‍ ബംഗളുരുവിന്റെ കന്നി മുത്തമാണ്. ബംഗളുരുവിന്റെ വെറ്ററന്‍ താരം സുനില്‍ ഛേത്രിയുടെ കരിയറില്‍ ആദ്യമായി ഡുറന്‍ഡ് കപ്പുമെത്തി. 2013 ല്‍ രംഗത്തെത്തിയ ബംഗളുരുവിന്റെ ഏഴാം കിരീടമാണിത്.അവര്‍ രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐ.എസ്. എല്‍. കിരീടവും ഒരു സൂപ്പര്‍ കപ്പും ഇതിനു മുമ്പ് നേടി. യുവതാരം ശിവശക്തിയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കി കൊണ്ടാണു ബംഗളുരു മത്സരം ആരംഭിച്ചത്. പതിനൊന്നാം മിനുട്ടില്‍ ശിവശക്തിയിലൂടെ അവര്‍ ലീഡ് നേടി. താരത്തിന്റെ ഡുറന്‍ഡ് കപ്പിലെ അഞ്ചാമത്തെ ഗോളായിരുന്നു അത്. 30-ാം മിനിറ്റില്‍ അപുയിയയിലൂടെ മുംബൈ സിറ്റി മറുപടി നല്‍കി. ഒന്നാം പകുതി 1-1 ന് അവസാനിച്ചു. 61-ാം മിനിറ്റില്‍ ഛേത്രിയെടുത്ത കോര്‍ണറിനെ ബ്രസീല്‍ താരം അലന്‍ കോസ്റ്റ ഹെഡറിലൂടെ വലയിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →