ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി തിരിച്ചറിയില്‍ കാര്‍ഡും. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്കായി 9,000 തിരിച്ചറിയല്‍ കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രദേശ് റിട്ടേണിങ് ഓഫീസര്‍മാരുടെ യോഗത്തില്‍വച്ച് 9,000 തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈമാറിയെന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളെ തിരിച്ചറിയുന്നത് എങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനായാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതെന്നായിരുന്നു മിസ്ത്രിയുടെ മറുപടി. ക്യു.ആര്‍. കോഡുകള്‍ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളാണ് തയാറാക്കിയിരിക്കുന്നത്. ഈ മാസം 20നകം എല്ലാ പ്രദേശ് റിട്ടേണിങ് ഓഫീസര്‍മാരും ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്യുമെന്നും മിസ്ത്രി പറഞ്ഞു.20ന് ശേഷം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വോട്ടര്‍പട്ടിക പരിശോധിക്കാം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള പ്രതിനിധികള്‍ക്ക് മറ്റു തെളിവുകളൊന്നും ഹാജരാക്കാതെ വോട്ട് ചെയ്യാം. ഫോട്ടോയില്ലാത്ത തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രതിനിധികള്‍ വോട്ടെടുപ്പ് സമയത്ത് അവരുടെ ആധാര്‍ കാര്‍ഡ് കാണിക്കേണ്ടതുണ്ട്.