അർബുദം ബാധിച്ച് മരിച്ച അദ്ധ്യാപികയുടെ ആനുകൂല്യം നിഷേധിച്ച് ആരോഗ്യവകുപ്പ്

കരിങ്കുന്നം: മരിച്ച അധ്യാപികയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യം ആരോഗ്യവകുപ്പ് നിഷേധിച്ചു. മരിച്ച് മൂന്നുവർഷം കഴിഞ്ഞ് ഇറങ്ങിയ ഉത്തരവിന്റെ പേരുപറഞ്ഞായിരുന്നു ഈ നീതിനിഷേധം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും, ആനുകൂല്യങ്ങൾ എങ്ങനെ നിഷേധിക്കുന്നു എന്നതിന് ഉദാഹരണംകൂടിയാണിത്.

അർബുദം ബാധിച്ച്, അഞ്ചുവർഷംമുൻപ് മരിച്ച കരിങ്കുന്നം ചന്ദ്രപ്പിള്ളിൽ അനിത ലൂക്കോസിനെ (50) ചികിത്സിച്ചതിന് ലഭിക്കേണ്ട ആനുകൂല്യമാണ്, അത് കഴിഞ്ഞിറങ്ങിയ ഉത്തരവുകാട്ടി ആരോഗ്യവകുപ്പ് നിഷേധിച്ചത്. അനിത ചികിത്സയിലായിരുന്ന ആശുപത്രികൾ, സർക്കാരിന്റെ ആനുകൂല്യ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കാരണംപറഞ്ഞിരിക്കുന്നത്. 2017-ലാണ് അനിത മരിച്ചത്. അതുകഴിഞ്ഞ് മൂന്ന് വർഷംകഴിഞ്ഞ് ഇറങ്ങിയ ഉത്തരവിലാണ് ഈ ആശുപത്രികൾ ഒഴിവാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അനിതയുടെ ചികിത്സാക്കാലത്ത് ഇവ സർക്കാർ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇക്കാര്യം, ബോധപൂർവം മറച്ചുവെച്ചാണ് റീഇംപേഴ്‌സ്‌മെന്റ് നിഷേധിച്ചത്.

കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്ന അനിതയ്ക്ക് 2014-ലാണ് അർബുദം പിടിപെട്ടത്. വെല്ലൂരിലും എറണാകുളത്തെ രണ്ട് ആശുപത്രികളിലുമായി ചികിത്സിച്ചു. അനിതയുടെ ഭർത്താവ് സി.സി. ജോയി അന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗസ്ഥർക്കും കുടുംബത്തിനും സർക്കാർ നൽകുന്ന ചികിത്സാ ആനുകൂല്യപ്രകാരം മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ലഭിക്കുന്നതിനായി, അദ്ദേഹം അപേക്ഷ നൽകി.

2014-ൽ വെല്ലൂരിലെ ആദ്യഘട്ടചികിത്സയുടെ ഭാഗമായി 1.53 ലക്ഷം രൂപ ലഭിച്ചു പിന്നീടും ഓരോ ചികിത്സയ്ക്കുശേഷവും അപേക്ഷയും ബില്ലുകളും സമർപ്പിച്ചു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസും, ആരോഗ്യവകുപ്പും അപേക്ഷ പരിശോധിച്ചിട്ട് തുക അനുവദിക്കുന്നതിനായി സെക്രട്ടേറിയറ്റിലേക്ക് അയച്ചു. എന്നാൽ, ഇതൊന്നും അനുവദിച്ചില്ല. ഇതിനിടെ, 2017 ഓഗസ്റ്റ് 22-ന് അനിത മരിച്ചു. 2021-ൽ ജോയി വിരമിച്ചു.

എന്നിട്ടും പണം കിട്ടിയില്ല. അനിത മരിച്ച് അഞ്ചുവർഷത്തിനുശേഷം ജൂലായിലാണ് പണം അനുവദിക്കാനാകില്ലെന്നുകാട്ടി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി, ഡയറക്ടറേറ്റിന് മറുപടി നൽകിയത്. 2020 ജൂൺ 12-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. നീതിനിഷേധത്തിനെതിരേ ജോയി ആരോഗ്യമന്ത്രിക്ക് അപ്പീൽ നൽകിയിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →