എരൂരിൽ നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഏരൂരിൽ തെരുവുനായ്ക്കളെ വിഷം കൊടുത്തുകൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. 2022 സെപ്തംബർ 13 നാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറി‍യുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് കടക്കുക.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാണ്. ഇടുക്കിയിൽ രണ്ട് പേർക്ക് ഇന്ന് കടിയേറ്റു. ഇടുക്കിയിലും എറണാകുളത്തുമായി വളർത്ത് ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമനാണ് കടിയേറ്റത്. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ മകനാണ് നായയെ തുരത്തിയത്. പരിക്കേറ്റ ലളിത കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിർമ്മല സിറ്റിയിൽ തന്നെയുള്ള പ്ലാത്തോട്ടത്തിൽ അരുൺ മോഹനും ഇന്നലെ പട്ടി കടിയേറ്റിരുന്നു. രാത്രി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് അരുണിനെ തെരുവുനായ കടിച്ചത്. എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഒരാടിനെ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. കക്കാട്ടൂരിലെ പ്ലാക്കോട്ട് ശിവശങ്കരൻ നായരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.

ഇടുക്കി അടിമാലി വാളറയിൽ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കുളമാംകുടി ജോർജ്ജിൻറ കോഴിഫാമിലാണ് അക്രമണം. കൂത്താട്ടുകുളത്ത് നിരപ്പേൽ ശശിയുടെ 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. പ്രദേശത്തു ആഴ്ചകൾക്ക് മുന്പ് പേവിഷബാധയേറ്റ് പശു ചത്തിരുന്നു. കണ്ണൂർ കൂത്തു പറമ്പിൽ പശുവിന് പേ വിഷബാധ. ചിറ്റാരിപറമ്പിൽ ഇരട്ടക്കുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേ വിഷബാധ. കണ്ണൂർ ചാലയിൽ 13/09/2022 പേവിഷബാധയോറ്റ പശു ചത്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →