ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ ദേശീയപട്ടികയില്‍ 34 മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി. ഇതോടെ പട്ടികയിലെ ആകെ മരുന്നുകളുടെ എണ്ണം 384 ആയി. പട്ടിക വിപുലീകരിച്ചതോടെ ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍, വാക്സിനുകള്‍, അര്‍ബുദത്തിനെതിരായ മരുന്നുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാകും.അണുബാധയ്ക്കെതിരായ ഇവെര്‍മെക്റ്റിന്‍, മുപിരോസിന്‍, നിക്കോട്ടിന്‍ റിപ്ലേസ്മെന്റ് തെറാപ്പി തുടങ്ങിയവ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, അസിഡിറ്റി മരുന്നായ റാനിറ്റിഡിന്‍, സുക്രാല്‍ഫേറ്റ്, വൈറ്റ് പെട്രോളിയം, അറ്റെനോളോല്‍, മീതൈല്‍ഡോപ തുടങ്ങി 26 മരുന്നുകള്‍ ഒഴിവാക്കി. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് ഈ വര്‍ഷത്തെ പട്ടികയിലുള്ളതെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗാര്‍ഗിന്‍, ടെനിലിറ്റിന്‍, എന്‍ഡോക്രൈന്‍ മരുന്നുകള്‍, ശ്വാസകോശരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മോണ്ടിലുകാസ്റ്റ്, നേത്രരോഗത്തിനുള്ള ലാറ്റാനോപ്രോസ്റ്റ്, കോണ്‍ട്രാസെപ്റ്റീവ് ഫല്‍ഡ്രോകോര്‍ട്ടിസോണ്‍, ഒര്‍മെലോക്സിഫെനെ, പാലിയേറ്റീവ് മരുന്നുകള്‍, ഹൃദ്രോഗമരുന്നായ ഡാബിഗത്രാന്‍, ടെനിക്റ്റെപ്ലാസ്, അണുബാധയ്ക്കെതിരായ മെറോപെനം, ഐവെര്‍മെക്റ്റിന്‍, സെഫുറോക്സിന്‍, അമികാസിന്‍, ബെഡാക്വിലിന്‍, ഡെലമാനിഡ്, ഇട്രാകൊനസോള്‍ തുടങ്ങിയവയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സ്റ്റാന്‍ഡിങ് നാഷണല്‍ കമ്മിറ്റി ഓണ്‍ മെഡിസിന്‍സ് െവെസ് ചെയര്‍മാന്‍ ഡോ. വൈ.കെ. ഗുപ്ത അറിയിച്ചു.
ദേശീയ അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്നുകളുടെ വില നിയന്ത്രിക്കുന്നതു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയാണ്.399 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട പുതുക്കിയ പട്ടികയാണു കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിയോഗിച്ച വിദഗ്ധസമിതി ആരോഗ്യമന്ത്രാലയത്തിനു സമര്‍പ്പിച്ചത്. ഇവയില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ വരുത്താന്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചിരുന്നു.

