ലഹരിക്കെതിരേ ശക്തമായ ഇടപെടൽ വേണം: നിർമ്മല ജിമ്മി

കോട്ടയം: യുവതലമുറയെ ലഹരിവസ്തുക്കളുടെ പിടിയിൽ നിന്നു രക്ഷിക്കാൻ ശക്തമായ  ഇടപെടൽ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ അവലോകന യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ശക്തമായ ബോധവത്ക്കരണത്തിലൂടെ മാത്രമേ ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ സാധിക്കൂ. വിദ്യാലയങ്ങളിൽ നിരന്തര ബോധവത്ക്കരണത്തിനായി ക്ലാസ്സുകൾക്കിടയിൽ സമയം കണ്ടെത്തണമെന്നും അവർ പറഞ്ഞു.

കോട്ടയം നിയോജക മണ്ഡലം പരിധിയിൽ ജനുവരി മുതൽ ഓഗസ്റ്റ് വരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 947 പരിശോധനകൾ നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, ആർ.പി.എഫ്, പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് 24 സംയുക്ത പരിശോധനകളും നടന്നു.  90 അബ്കാരി കേസുകളിലായി 92 പേരെ അറസ്റ്റ് ചെയ്തു. 380.12 ലിറ്റർ വിദേശ മദ്യം, 22.95 ലിറ്റർ ബിയർ, 500 മില്ലി ലിറ്റർ കള്ള്, 18 ലിറ്റർ അരിഷ്ടം എന്നിവ പിടിച്ചെടുത്തു. 15 എൻ.ഡി.പി.എസ് (നാർകോടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് ഡ്രഗ്സ് ആക്ട്) കേസുകളിലായി 15 പ്രതികളെ  അറസ്റ്റ് ചെയ്തു. 9.55
കിലോ കഞ്ചാവും ഒരു കഞ്ചാവ് ചെടിയും  രണ്ട് മില്ലിഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. 576 കേസുകളിലായി 1.15 ലക്ഷം രൂപ പിഴയീടാക്കി. വിമുക്തി മിഷന്റെ ഭാഗമായി 225 ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. 32 പഞ്ചായത്ത് കമ്മിറ്റികളും എട്ട് നഗരസഭ  കമ്മിറ്റികളും നടത്തി.

യോഗത്തിൽ എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ ഇ.പി. സിബി, കോട്ടയം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. സബിൻ, എസ്.ഐ. എം.എച്ച്. അനുരാജ് എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →