എ.കെ.ജി. സെന്റര്‍ ആക്രമണം: പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസമിതി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ക്രൈംബ്രാഞ്ച്. അക്രമം നടന്ന് രണ്ടു മാസം പിന്നിടുമ്പോഴാണ് അന്വേഷണം യൂത്ത് കോണ്‍ഗ്രസില്‍ എത്തിനില്‍ക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാണെന്ന് ഡി.െവെ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ആരോപിച്ചു.

ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുള്ള, കഴക്കൂട്ടത്തെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എ.കെ.ജി. സെന്റര്‍ ആ്രകമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധമുണ്ടായപ്പോഴും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, ഗൂഢാലോചനയ്ക്കു തെളിവില്ലാത്തിനാല്‍ പ്രതിയാക്കിയില്ല. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സ്‌കൂട്ടറിലെത്തി സ്ഫോടകവസ്തു എറിഞ്ഞെന്ന് സംശയിക്കപ്പെടുന്ന മേനംകുളം സ്വദേശിയായ യുവാവിലേക്കെത്തിയത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു.

സാഹചര്യത്തെളിവുകളും ഫോണ്‍ വിശദാംശങ്ങളും പരിശോധിച്ചാണ് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെത്തിയത്. എന്നാല്‍, ഇവരെ പ്രതിചേര്‍ക്കാനുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു സൂചന. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്പ്, പോലീസിന്റെ പ്രത്യേകസംഘം നടത്തിയ പ്രാഥമികാന്വേഷണത്തിലും യൂത്ത് കോണ്‍ഗ്രസ് സംശയനിഴലിലായിരുന്നു. എന്നാല്‍, പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടകവസ്തു സംഘടിപ്പിച്ചത്, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ തെളിവ് അന്നും ലഭിച്ചില്ല.

ക്രൈംബ്രാഞ്ച് നിഗമനം ശരിവച്ച് ഡി.െവെ.എഫ്.ഐയും രംഗത്തെത്തി. കെ.സി.പി.സി. അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഗൂഢാലോചനയില്‍ പങ്കെടുത്തതായി ഡി.െവെ.എഫ്.ഐ. ആരോപിക്കുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തു കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമായാണു മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ ആക്രമണശ്രമമുണ്ടായത്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്നു കരുതിയാണു സി.പി.എമ്മിന്റെ ഓഫീസുകള്‍ ആക്രമിക്കുകയും എ.കെ.ജി. സെന്ററിലേക്കു ബോംബ് എറിയുകയും ചെയ്തത്. അന്വേഷണം ശരിയായ ദിശയിലാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. തെറ്റായ പ്രചാരണം നടത്തിയവര്‍ക്കു തിരുത്തിപ്പറയേണ്ടിവരുമെന്നും ഡി.െവെ.എഫ്.ഐ. ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →