തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതില്‍ നടപടിയെടുത്ത തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ മുട്ടു കുത്തിക്കാന്‍ സമ്മര്‍ദം ശക്തമാക്കി സി.ഐ.ടി.യു. മേയറുടെ നടപടി പാര്‍ട്ടി ഇടപെട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു യൂണിയന്‍ കത്തു നല്‍കും. ഓണാവധിക്കു ശേഷം നാളെ കോര്‍പ്പറേഷന്‍ ഓഫീസ് തുറക്കാനിരിക്കെയാണ് സി.ഐ.ടി.യുവിന്റെ നീക്കം.
തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്നാക്കം പോകാന്‍ സി.ഐ.ടി.യു. തയാറല്ല. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നാളെ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ശുചീകരണത്തൊഴിലാളികള്‍ അറിയിച്ചു. ഓണസദ്യ വലിച്ചെറിഞ്ഞതിന്റെ പേരില്‍ ഏഴു തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം. സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളാണു നടത്തിയത്. എന്തിന്റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍, പ്രതിഷേധിക്കുന്നവരെ ജോലിയില്‍നിന്ന് പുറത്താക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇതാണ് സി.ഐ.ടി.യു.വിന് പ്രതീക്ഷ നല്‍കുന്നതും.

