തിരുവനന്തപുരം: ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.സി.സി. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11 ന് കേരളത്തില്‍ പ്രവേശിക്കും. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ രാഹുല്‍ ഗാന്ധിയെയും മറ്റു പദയാത്രികരെയും സ്വീകരിക്കും.രാവിലെ ഏഴിനു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എം. വിന്‍സന്റ് എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ ചേര്‍ന്നാവും ജാഥയെ സ്വീകരിക്കുക.
കേരളത്തില്‍ ഏഴു ജില്ലകളിലൂടെ ജോഡോ യാത്ര കടന്നുപോകും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്നു നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. രാവിലെ ഏഴു മുതല്‍ 11 വരെയും വൈകിട്ടു നാലു മുതല്‍ ഏഴു വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തു വിവിധ മേഖലകളിലെ തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.തിരുവനന്തപുരം ജില്ലയില്‍ ഇന്നു മുതല്‍ 14 വരെ പര്യടനം നടത്തും. 14ന് ഉച്ചയ്ക്കു കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17, 18, 19, 20 തീയതികളില്‍ ആലപ്പുഴ ജില്ലയിലും 21, 22 തീയതികളില്‍ എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെയും പാലക്കാട് ജില്ലയിലും പര്യടനം നടത്തും.
28നും 29നും മലപ്പുറം ജില്ലയിലൂടെ കടന്നു കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുക. 3570 കിലോമീറ്റര്‍ പിന്നിട്ട് അടുത്ത ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

