ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ജീവനക്കാർക്കെതിരെ നടപടിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ 11 നഗരസഭ ജീവനക്കാർക്കെതിരെ നടപടി. തിരുവനന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. 7 സ്ഥിരം തൊഴിലാളികളെ മേയർ സസ്പെൻഡ് ചെയ്തു. താൽക്കാലിക ജീവനക്കാരായ മറ്റുള്ളവരെ പിരിച്ചുവിട്ടതായും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്നലെയാണ് ഭക്ഷണം ജീവനക്കാർ മാലിന്യത്തിലിട്ടത്.

ഡ്യൂട്ടി സമയം ഓണം ആഘോഷിക്കേണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിന് പിന്നാലെ ഓണ സദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ നഗരസഭ താത്കാലിക ജീവനക്കാർ കുറ്റക്കാർ എന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി. ചാല സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ സമർപിച്ച റിപ്പോർട്ടിലാണ് ശുചീകരണ തൊഴിലാളികൾ കുറ്റക്കാരാണെന്ന് രേഖപ്പെടുത്തിയത്. ജീവനക്കാർ ഓണസദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിന് മുൻപ് അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെൽത്ത് സർക്കിളിലേക്ക് മാറിയെത്തിയ തൊഴിലാളിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് എന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിൽ സെപ്തംബര് 2 വെള്ളിയാഴ്ചയും സോണൽ ഓഫീസുകളിൽ 3 ന് ശനിയാഴ്ചയും ആയിരുന്നു ഓണാഘോഷം. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാൻ എന്ന് നഗരസഭ സെക്രട്ടറി തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നു.

അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ആഹാരമാണ് നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് ന്യായീകരണം. യൂണിയൻ പ്രവർത്തകർ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →