നെടുമ്പാശേരി: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരന്‍ പിടിയില്‍. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂറിനെയാണ് (32) എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ അബ്ദുള്‍ ഷുക്കൂറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജരേഖകളുമായി ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിച്ച 4 ബംഗ്ലാദേശികളെ ഓഗസ്റ്റ് 27 ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരെന്ന വ്യാജേനയാണ് ഇവര്‍ പോകാന്‍ ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കി നല്‍കുന്ന റാക്കറ്റിനെക്കുറിച്ചു വിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലെ പ്രധാന ഏജന്റാണ് അബ്ദുള്‍ ഷുക്കൂര്‍. മംഗലാപുരം വിമാനത്താവളം വഴി രണ്ടുപേരെ വിദേശത്തേക്കു കടത്താന്‍ കൊണ്ടുവരുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ തയാറാക്കി നല്‍കി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.ഡി.െവെ.എസ്.പി: വി. രാജീവ്, എസ്.ഐ: ടി.എം.സൂഫി, എ.എസ്.ഐ: സി.ഡി. സാബു, എസ്.സി.പി.ഒ. ലിജോ ജേക്കബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

