ചെന്നൈ: പ്രമുഖ കര്‍ണാടക സംഗീതജ്ഞന് ടി വി ശങ്കരനാരായണന് അന്തരിച്ചു. 77 വയസ്സായിരുന്നു. ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ മധുരൈ മണി അയ്യര്‍ ശൈലിയുടെ പ്രയോക്താവായാണ് അദ്ദേഹത്തിന്റെ സംഗീതത്തെ ആരാധകര്‍ കാണുന്നത്. മധുരൈ മണി അയ്യരുടെ അനന്തരവനായിരുന്നു ടി വി ശങ്കരനാരായണന്. അഭിഭാഷകജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്.
തിരുവാലങ്ങല്‍ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 1945-ല്‍ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന് സംഗീതം അഭ്യസിച്ചത്.1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. 16-മത്തെ വയസ്സുമുതല്‍ അമ്മാവന് മണി അയ്യര്‍ക്കൊപ്പം പാടിത്തുടങ്ങി. കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള ഗായകനാണ്. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പത്മഭൂഷണ്‍, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സംഗീതജ്ഞരായ അമൃത ശങ്കരനാരായണന്, മഹാദേവന് എന്നിവര്‍ മക്കളാണ്.

