എൽകെജി വിദ്യാർത്ഥിനി സ്കൂൾ ബസ്സിൽ നിന്ന് തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ആലുവയിൽ

കൊച്ചി: ആലുവയിൽ സ്കൂൾ ബസ്സിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലുവ വഴുങ്ങാട്ടുശ്ശേരി അൽ ഹിന്ദ് സ്കൂളിൻറെ ബസ്സിലാണ് അപകടം ഉണ്ടായത്. സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ എമർജൻസി വാതിൽ വഴി കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ വിദ്യാർത്ഥിനി തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂൾ ബസിന്റെ പുറകേ വന്ന ബസ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.

കുട്ടി ബസ്സിൽ നിന്ന് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടി റോഡിലേക്ക് വീണു ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി പുറകിൽ വന്ന ബസ് തടഞ്ഞു നിർത്തുകയായിരുന്നു.

ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപ്പെട്ടത്. 01/09/22 വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴിയായിരുന്നു അപകടം. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ട് എന്ന് കാണിച്ചു പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

റോഡിലേക്ക് വീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ എല്ലാ കുട്ടികളെയും വീട്ടിൽ എത്തിച്ച ശേഷമാണ് തന്റെ മകളെ വീട്ടിൽ എത്തിച്ചതെന്ന് പരാതിയിൽ പറയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വീഴ്ചയുടെ ആഘാതത്തിൽ നടുവേദനയും, ചതവും ഉണ്ടെന്ന് സ്ഥിരീകരിച്ചു.

മകളെ സ്കൂളിൽ ചേർക്കുന്ന സമയത്ത് മെഡിക്കൽ ഫീസിനത്തിൽ സ്കൂളിൽനിന്ന് പൈസ വാങ്ങിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത് നിരുത്തരവാദിത്തപരമായ നടപടി ആണെന്നും പരാതിയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →