തൃശൂർ : ലോകായുക്ത നിയമ ഭേദഗതിയിൽ രണ്ടാം ഇടത് സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ. അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാണ് നിയമ ഭേദഗതിയെന്നാണ് മുഖപത്രത്തിലെ വിമർശനം. ഇടത് സർക്കാരിന്റെ വിശ്വാസ്യത കുറച്ച നടപടി, രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴി തുറക്കും. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് രക്ഷപെടാൻ അവസരമൊരുങ്ങും. പുതിയ ഭേദഗതി ലോകായുക്തയെ നിർവ്വീര്യമാക്കുന്നതാണ്. പ്രതിസ്ഥാനത്തുള്ളവരെ ലോകായുക്ത വിധി തിരുത്താൻ ഏൽപ്പിച്ചു കൊടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും അഴിമതിക്ക് ലൈസൻസോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ സർക്കാർ വിമർശിക്കുന്നു.
ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് നിയമസഭ പാസാക്കിയത്. ചരിത്രത്തിലെ കറുത്ത ദിനമെന്ന വിമർശനമുയർത്തി വോട്ടെടുപ്പിന് മുൻപ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ വൈകിപ്പോയെന്ന് പറഞ്ഞായിരുന്നു നിയമ മന്ത്രിയുടെ ന്യായീകരണം.
അഴിമതിക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ നിയമമെന്ന് പിണറായി വിജയൻ തന്നെ പുകഴ്ത്തിയ ലോകായുക്താ നിയമമാണ് പൊളിച്ചത്. 1999 ൽ നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിലാണ് വൻ വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സർക്കാർ വെള്ളം ചേർത്തത്. അഴിമതി കണ്ടെത്തിയാൽ പൊതു പ്രവർത്തകരെ പദവിയിൽ നിന്നും അയോഗ്യരാക്കുന്ന 14 ആം വകുപ്പ് മാറ്റിയതോടെ ലോകയുക്ത ഫലത്തിൽ നോക്കുകുത്തി മാത്രമാണ്. ജൂഡിഷ്യറിയുടെ അധികാരം എങ്ങിനെ നിയമസഭക്ക് ഇല്ലാതാക്കാൻ കഴിയും എന്നായിരുന്നു പ്രതിപക്ഷ ചോദ്യം. എന്നാൽ ലോകയുക്തക്ക് ജുഡിഷ്യൽ പദവിയില്ലെന്ന് പറഞ്ഞ് നിയമന്ത്രി മുൻ ഇടത് സർക്കാരിന്റെ നിയമത്തെ തള്ളി പറഞ്ഞു.
സിപിഐയുടെ ഭേദഗതി, ഔദ്യോഗിക ഭേദഗതിയായി നിയമമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് എതിരായ വിധിയെ ഇനി നിയമസഭക്ക് പരിശോധിക്കാം. മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്ക് എതിരായ വിധി സ്പീക്കാർക്കും പുനപരിശോധിക്കാം. ജനപ്രതിനിധികൾ അല്ലാത്ത രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമത്തിന് പ്രാബല്യം വരൂ. സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണറിലാണ് ഇനി എല്ലാ കണ്ണും