അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാർത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവഭാരത സങ്കൽപ്പത്തിൽ ഇന്ത്യയിലെ യുവാക്കൾക്ക് ഏറെ പ്രാധാന്യവും അവസരങ്ങളും നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തിന്റെ വികസന പാതയിൽ യുവാക്കൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും, അതിനുള്ള അവസരങ്ങൾ നൽകിയാണ് പ്രധാനമന്ത്രി നവ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർക്കാർ രാജ്യത്ത് ഒരു ഡിജിറ്റൽ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ആ വിപ്ലവം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ താഴെത്തട്ടിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ ഫോർ യങ് ഇന്ത്യ: റ്റെകെയ്ഡ് (Techade) ഓഫ് ഓപർച്യൂണിറ്റീസ്’ എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻറെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വൻതോതിലുള്ള പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. രാജ്യത്തെ ഊർജ്ജസ്വലമായ 78,000ൽ പരം സ്റ്റാർട്ടപ്പുകളുണ്ട്. അവ കേവലം കേവലം പുതിയ ആശയങ്ങൾ മാത്രമല്ല, പ്രധാന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി വളരുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വളരുന്നതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകണം. കോളേജുകളും സർവ്വകലാശാലകളും വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കും തമ്മിലുള്ള ഇടയിലുള്ള പാത സുഗമമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൻഐടിയിലെ വിദ്യാർത്ഥികളെ കൂടാതെ വിവിധ സ്റ്റാർട്ടപ്പ് സംരംഭകരും സംവാദത്തിൽ പങ്കെടുത്തു.

നേരത്തെ രാജ്യത്തിൻറെ ബാങ്കിംഗ് സംവിധാനത്തിന്റെ ഏതാണ്ട് 97% ആസ്തിയും കേവലം ഒമ്പതോ പത്തോ പ്രമുഖ കുടുംബങ്ങൾക്ക് ഉള്ളിലായിരുന്നു. എന്നാൽ ഇന്ന്, സജീവമായ പ്രവർത്തനത്തിലൂടെ ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണ നൽകി. അതുകൊണ്ട് പുതിയ സംരംഭകർ ഉയർന്നുവന്നു. അവരിൽ ആർക്കും പ്രമുഖരായ അച്ഛന്റെയോ മുത്തച്ഛന്റെയോ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നില്ല. ഇന്ത്യൻ യുവാക്കൾക്ക് മുന്നിൽ അവസരങ്ങൾ സമൃദ്ധമാണ്. കേരളത്തിലെ യുവാക്കൾ മുന്നിലുള്ള അവസരങ്ങൾ മുതലാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിസിനസ് സംസ്‌കാരം എളുപ്പമാക്കുന്നതിന് ലോൺ സൌകര്യമടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്തുനൽകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചേന്ദ്രശേഖർ ഉറപ്പ് നൽകി.

അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാർത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തിൽ വാർത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതൽ ഇലക്ട്രോണിക് രംഗം വരെ വലിയ സാധ്യതകൾ ഉൾക്കൊള്ളുന്നുണ്ട്. അഗ്‌നിപഥ് രാജ്യത്തെ യുവാക്കൾക്ക് നൽകുന്നത് മികച്ച അവസരമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി സന്ദർശനത്തിന്റെ ഭാഗമായി സാങ്കേതിക സഹായത്തോടെ വിവിധ സംരംഭങ്ങൾ നടത്തുന്നവരുമായും ഗവേഷകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ചടങ്ങിൽ എം.കെ രാഘവൻ എം.പി, എൻ.ഐ.ടി ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →