കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന് സെപ്റ്റംബറിൽ ജില്ലയിൽ തുടക്കമാവും. ജില്ലയിൽ ആദിവാസി, തീരദേശ മേഖലകളിലും ന്യൂനപക്ഷ, പട്ടികജാതി മേഖലകളിലും ഊന്നൽ കൊടുത്തുകൊണ്ട് പദ്ധതി നടപ്പാക്കാൻ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചു. കണ്ണൂർ കോർപ്പറേഷൻ, തലശ്ശേരി നഗരസഭ, ഇരിട്ടി നഗരസഭ, തൃപ്പങ്ങോട്ടൂർ, ചിറ്റാരിപ്പറമ്പ്, പാട്യം, കോളയാട്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, മാലൂർ, തില്ലങ്കേരി, ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, പയ്യാവൂർ, എരുവേശ്ശി, നടുവിൽ, ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, പെരിങ്ങോം, ചെറുപുഴ, രാമന്തളി, മാട്ടൂൽ, മാടായി, ചെറുകുന്ന്, അഴീക്കോട്, മുഴപ്പിലങ്ങാട്, ന്യൂ മാഹി ഗ്രാമപഞ്ചായത്തുകൾ എന്നിവയെ പദ്ധതിക്കായി തെരഞ്ഞെടുത്തു. സെപ്റ്റംബർ ആദ്യവാരം സംഘാടക സമിതികൾ ചേരും. ക്ലാസെടുക്കാൻ സന്നദ്ധപ്രവർത്തകരായ ഇൻസ്ട്രക്ടർമാരെ കണ്ടെത്തും. വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ, എൻ എസ് എസ് തുടങ്ങിയവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ദേശീയ സാക്ഷരതാമിഷൻ മാർഗനിർദേശങ്ങൾ അനുസരിച്ചും കേരളത്തിന്റെ സവിശേഷതകളെ ഉൾക്കൊണ്ടും ജനകീയ കാമ്പയിൻ ആണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ കാലയളവ് 2022-23 മുതൽ 2026-27 വരെയായിരിക്കും.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സെപ്റ്റംബറിൽ തുടങ്ങും
