ജില്ലാ വികസന സമിതി: കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യം

ജില്ലയിലെ വിവിധ റൂട്ടുകളിൽ കോവിഡിനെ തുടർന്ന് നിർത്തിവച്ച കെഎസ്ആർടിസിയുടെ സർവീസുകൾ പുനരാംരംഭിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ആവശ്യമുന്നയിച്ചു. പുത്തൻകുരിശിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പി.വി. ശ്രീനിജിൻ എം എൽ എ ഉന്നയിച്ചു. ഇത്തരം തീരുമാനങ്ങൾ ജനപ്രതിനിധികളെ അറിയിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ഗ്രാമ വണ്ടി സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് കെഎസ്ആർടിസി അധികൃതരോട് നിർദ്ദേശിച്ചു. 

നഗരത്തിലെ ഫീഡർ സർവീസുകൾ പുനക്രമീകരിക്കണമെന്ന ടി.ജെ. വിനോദ് എം.എൽ.എയുടെ  ആവശ്യം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. സർക്കുലറുകളായി ഓടുന്ന ഫീഡർ സർവീസുകൾ കടവന്ത്ര, പച്ചാളം, വടുതല തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. 

എറണാകുളം ജെട്ടിയിൽ നിന്ന് കണ്ടെയ്നർ റോഡ് വഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷൻ അനുവദിക്കുന്നില്ലെന്ന പരാതി ഉടൻ പരിഹരിക്കണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. 

കോതമംഗലത്ത് നിന്ന് വെള്ളാരം കുത്തിലേക്കും ചെറുവട്ടൂർ – മുവാറ്റുപുഴ ഭാഗത്തേക്കുമുള്ള സർവീസ് പുനരാരംഭിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ആന്റണി ജോൺ എം.എൽ എയാണ് കഴിഞ്ഞ വികസന സമിതിയിൽ വിഷയം ഉന്നയിച്ചത്. 

മുവാറ്റുപുഴ – കൂത്താട്ടുകുളം – കാവും ഭാഗം റൂട്ടിലെ കെഎസ്ആർടിസി ബസ് പുനരാരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. 

കടമ്പ്രയാർ ടൂറിസം പദ്ധതി സെപ്തംബർ 4 ന് പുനരാരംഭിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് കടമ്പ്രയാർ ശുചീകരണം മുടങ്ങിയത്. 

നെല്ലാട് പട്ടിമറ്റം റോഡിനായി 2.12 കോടി രൂപയുടെയും കിഴക്കമ്പലം മുതൽ പട്ടിമറ്റം വരെ 1.34 കോടി രൂപയുടെയും അറ്റകുറ്റപ്പണികൾ നടന്നു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ്  അറിയിച്ചു. 

ഫയൽ തീർപ്പാക്കൽ യജ്ഞം കൂടുതൽ വേഗത്തിൽ മുന്നോട്ടു കൊണ്ടു പോകുന്നതിന് വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ദേശീയ പാത 85 ൽ പെരുവംമൂഴി മുതൽ നേര്യമംഗലം വരെയുള്ള റോഡിലെ കുഴികളടയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും കളക്ടർ നിർദ്ദേശിച്ചു. 

ജില്ലാ വികസന കമ്മീഷണർ എ.ഷിബു, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, ഇടുക്കി എം പി യുടെ പ്രതിനിധി കെ.എ. സലിം തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →