ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കി ഇന്ത്യയുടെ സാത്വിക്സായിരാജ് റെങ്കി റെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ ഉറപ്പാക്കിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ പുരുഷ ഡബിള്‍സ് ജോഡിയാണ് റെഡ്ഡി – ഷെട്ടി സഖ്യം. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ സഖ്യത്തിനു സ്വര്‍ണം നേടാനായിരുന്നു. ജപ്പാന്റെ നിലവിലെ ചാമ്പ്യന്‍മാരും ലോക രണ്ടാം നമ്പറുമായ താകുറോ ഹോകി – യൂഗോ കോബായാഷി ജോഡിയെയാണു ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 24-22, 15-21, 21-14. മത്സരം ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടു. ലോക ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ നേടുന്ന ആദ്യ ജോഡി ജ്വാലാ ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യമാണ്. 2011 ലെ വനിതാ ഡബിള്‍സിലാണ് അവര്‍ മെഡല്‍ നേടിയത്. സ്വര്‍ണത്തില്‍ കുറഞ്ഞ ലക്ഷ്യമില്ലെന്നു ചിരാഗ് ഷെട്ടി മത്സരത്തിനു ശേഷം പറഞ്ഞു.
ലോക ഏഴാം റാങ്കുകാരായ റെഡ്ഡി – ഷെട്ടി സഖ്യം ജനുവരിയില്‍ നടന്ന സൂപ്പര്‍ 500 ഇന്ത്യന്‍ ഓപ്പണില്‍ ജേതാക്കളായിരുന്നു. തോമസ് കപ്പില്‍ ജേതാക്കളായ അവര്‍ പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടി. മലേഷ്യക്കാരന്‍ ടാന്‍ കിം ഹെറിന്റെ പരിശീലനമാണു തങ്ങളെ മികച്ച ജോഡിയാക്കിയതെന്നു സാത്വിക് പറഞ്ഞു. നിലവില്‍ ജപ്പാന്റെ ഡബിള്‍സ് ടീം കോച്ചാണ് ഹെര്‍.മലേഷ്യയുടെ ആറാം സീഡ് ആരോണ്‍ ചിന്‍ – സോ വൂ യിക് ജോഡിയാണ് ഇന്ത്യന്‍ സഖ്യത്തെ സെമിയില്‍ നേരിടുക. കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ടീം ഇനത്തില്‍ ചിന്‍ – യിക് സഖ്യം ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.എം.ആര്‍. അര്‍ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടിന്റെ ജൈത്രയാത്ര അവസാനിച്ചു. ഇന്തോനീഷ്യയുടെ മുഹമ്മദ് അഹ്സാന്‍- ഹെദ്ര സെതിയവാന്‍ ജോഡിയോടാണ് അവര്‍ തോറ്റത്. മൂന്നുവട്ടം ചാമ്പ്യന്‍മാരായ ജോഡിയാണ് അഹ്സാന്‍ – സെതിയവാന്‍ സഖ്യം. സ്‌കോര്‍: 8-21, 14-21. മത്സരം കഷ്ടിച്ച് അരമണിക്കൂര്‍ നീണ്ടു. ഡെന്‍മാര്‍ക്കിന്റെ വമ്പന്‍മാരായ കിം ആസ്ട്രപ്- ആന്‍ഡേഴ്സ് സ്‌കാറൂപ് എന്നിവരെ തോല്‍പ്പിക്കാന്‍ അര്‍ജുന്‍- കപില സഖ്യത്തിനായി.പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്. എസ്. പ്രണോയ് പൊരുതി വീണു. ചൈനയുടെ സാവോ ജുന്‍ പെങ്ങിനോടാണു പ്രണോയ് തോറ്റത്. സ്‌കോര്‍: 21-19, 6-21, 18-21. ലോക ചാമ്പ്യനായിരുന്ന ജപ്പാന്റെ കെന്റോ മോമോതയെ അട്ടിമറിച്ചാണു പ്രണോയ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അവിടെ സഹതാരം ലക്ഷ്യ സെന്നിനെ പ്രണോയ് തോല്‍പ്പിച്ചു.
ആദ്യ ഗെയിം പ്രണോയ് നേടിയെങ്കിലും രണ്ടാം ഗെയിമില്‍ ചൈനീസ് താരം നിലം തൊടീച്ചില്ല. മൂന്നാം ഗെയിമില്‍ പൊരുതിയെങ്കിലും കാലിടറി. മത്സരം 65 മിനിറ്റ് കൊണ്ട് അവസാനിച്ചു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ കിഡംബി ശ്രീകാന്ത് ഒന്നാം റൗണ്ടില്‍ത്തന്നെ തോറ്റത് ഇന്ത്യക്ക് വലിയ ക്ഷീണമായി. വനിതകളില്‍ പി.വി. സിന്ധുവിന്റെ അഭാവം നികത്താന്‍ സൈന നെഹ്വാളിനായില്ല. സൈന പുറത്തായതോടെ വനിതാ സിംഗിള്‍സിലെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബാറുങ്ഫാനോടാണു സൈന തോറ്റത്. സ്‌കോര്‍: 17-21, 21-16,13-21.